ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി ഉത്തേജക മരുന്ന് പരിശോധന

By Web TeamFirst Published Aug 9, 2019, 3:02 PM IST
Highlights

യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കളിക്കാര്‍ക്ക് പരിധോശന കര്‍ശനമാക്കാനുള്ള കായികമന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐക്ക് അംഗീകരിക്കേണ്ടിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഉത്തേജക മരുന്ന് പരിശോധന നടത്താനുള്ള കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് ബിസിസിഐ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്ന് പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.

എന്നാല്‍ യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കളിക്കാര്‍ക്ക് പരിധോശന കര്‍ശനമാക്കാനുള്ള കായികമന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐക്ക് അംഗീകരിക്കേണ്ടിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റ് താരങ്ങളെല്ലാം ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരാവുന്നുണ്ട് എന്നതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് കായിക സെക്രട്ടറി ആര്‍ എസ് ജുലാനിയ ബിസിസിഐ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കായികമന്ത്രാലയത്തിന്റെ നിര്‍ദേശം വന്നതോടെ ബിസിസിഐയും നാഡ‍യുടെ പരിധിയില്‍ വരും. നാഡ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കാരെ ഉത്തേജകമരുന്ന് പരിധോധനക്ക് വിധേയരാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയും ചെയ്യും.

click me!