രാജ്യത്തിനായി കളിക്കാന്‍ ഒരു 50 പേരെങ്കിലും അവര്‍ക്കുണ്ട്; ഇന്ത്യയുടെ പ്രതിഭാ ധാരാളിത്തത്തെ പുകഴ്ത്തി ഇന്‍സി

By Web TeamFirst Published May 20, 2021, 5:12 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ അയക്കുമ്പോള്‍ തന്നെ ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരക്കും ടീമിനെ അയക്കാന്‍ ഇന്ത്യക്ക് കഴിയുന്നു. രണ്ടും ദേശീയ ടീമുകളാണ്.

കറാച്ചി: ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രതിഭാ ധാരാളിത്തത്തെ പുകഴ്ത്തി മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. 1990കളിലും 2000ത്തിലും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് എങ്ങനെയായിരുന്നോ അതുപോലെയോ അതിനും മുകളിലോ ആണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതിഭാസമ്പത്തെന്ന് ഇന്‍സി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ അയക്കുമ്പോള്‍ തന്നെ ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരക്കും ടീമിനെ അയക്കാന്‍ ഇന്ത്യക്ക് കഴിയുന്നു. രണ്ടും ദേശീയ ടീമുകളാണ്. ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യാന്‍ ശ്രമിച്ച് പൂര്‍ത്തീയാകാനാവാതെ പോയതാണ് ഇന്ത്യ ഇപ്പോള്‍ വിജയകരമായി നടപ്പാക്കുന്നത്.

ഒരു ദേശീയ ടീം രണ്ട് പരമ്പരകളില്‍ ഒരേസമയം കളിക്കുന്നത് ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും. ലോക ക്രിക്കറ്റില്‍ ചോദ്യം ചെയ്യാനാവാത്ത ശക്തിയായിരുന്നു1995-2010 കാലഘട്ടത്തില്‍ ഓസ്ട്രേലിയ. ഈ സമയത്ത് രണ്ട് ദേശീയ ടീമുകളെ ഒരേസമയം ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്ന പേരില്‍ കളിപ്പിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. അന്ന് ഓസ്ട്രേലിയക്ക് കഴിയാതിരുന്നതാണ് ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത്.

കൊവിഡിനെത്തുര്‍ന്നുണ്ടായ നിലവിലെ സാഹചര്യങ്ങളും ഇന്ത്യയുടെ തീരുമാനത്തെ ന്യായീകരിക്കാനുണ്ട്. ഓരോ രാജ്യത്തെയും കര്‍ശനമായ ക്വാറന്‍റീന്‍ നിബന്ധനകള്‍ പാലിച്ച് ഒരു ടീമിന് തന്നെ എല്ലാ പരമ്പരകളിലും കളിപ്പിക്കാനാവില്ല. ശ്രീലങ്കയിലേക്ക് പോകുന്നത് ഇന്ത്യയുടെ രണ്ടാം നിര താരങ്ങളല്ല. ദേശീയ ടീമില്‍ ഇടം നേടാന്‍ അര്‍ഹതയുള്ള ഒന്നാം നിര താരങ്ങള്‍ തന്നെയാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മികവും ഐപിഎല്ലുമാണ് ഇത്രയും പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യയെ സഹായിച്ചതെന്നും കുറഞ്ഞത് ഒരു 50 പേരെങ്കിലും ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാന്‍ തയാറായി നില്‍ക്കുന്നുവെന്നും ഇന്‍സി തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!