ശാസ്ത്രിയുടെ നിയമനം; കോലിയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് കപില്‍

By Web TeamFirst Published Aug 16, 2019, 8:09 PM IST
Highlights

ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും കപില്‍ പറഞ്ഞു. പരിശീലകസ്ഥാനത്തിനായി ശക്തമായ മത്സരമാണുണ്ടായത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് ബിസിസിഐ ഉപദേശകസമിതി അധ്യക്ഷനായ കപില്‍ ദേവ്. ക്യാപ്റ്റന്റെ മാത്രം അഭിപ്രായം ആരായാനാവില്ലെന്നും അങ്ങനെയാണെങ്കില്‍ ടീം അംഗങ്ങളുടെ മുഴുവന്‍ അഭിപ്രായം എടുക്കേണ്ടിവരുമെന്നും കപില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും കപില്‍ പറഞ്ഞു. പരിശീലകസ്ഥാനത്തിനായി ശക്തമായ മത്സരമാണുണ്ടായത്. അഭിമുഖം പൂര്‍ത്തിയായപ്പോള്‍ മുന്‍ ഓസീസ് താരം ടോം മൂഡി മൂന്നാം സ്ഥാനത്തം ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസന്‍ രണ്ടാമതും രവി ശാസ്ത്രി ഒന്നാമതുമെത്തി. കഴിഞ്ഞ രണ്ടു വര്‍ഷം എന്തൊക്കെ ചെയ്തു ഇനിയുള്ള വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് രവി ശാസ്ത്രി അഭിമുഖത്തില്‍ വിശദീകരിച്ചതെന്നും കപില്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പ് രവി ശാസ്ത്രിയെ പിന്തുണച്ച് കോലി രംഗത്തെത്തിയപ്പോള്‍ കോലിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കപില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ പറയുന്ന അഭിപ്രായം പരിഗണിക്കില്ലെന്നായിരുന്നു ഉപദേശകസമിതിയിലെ മറ്റൊരു അംഗമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്റെ പ്രതികരണം.

click me!