
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 25 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 148 റണ്‍സെടുത്തിട്ടുണ്ട്. പ്രതിക റാവല്‍ (58), സ്മൃതി മന്ദാന (75) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസ് തിരിച്ചെത്തി. അമന്‍ജോത് കൗറാണ് വഴി മാറി കൊടുത്തത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകളും ഇന്ന് ജയം അനിവാര്യമാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), സ്‌നേഹ റാണ, ക്രാന്തി ഗൗദ്, ശ്രീ ചരണി, രേണുക താക്കൂര്‍.
ന്യൂസിലന്‍ഡ്: സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗേസ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.
അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ നാലാമതും ന്യൂസിലന്‍ഡ് അഞ്ചാമതുമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് ഒരു പടി കൂടി അടുക്കാം. റണ്‍റേറ്റിന്റെ മുന്‍തൂക്കവും അനുകൂലമാണ്. ബംഗ്ലാദേശിനോട് മാത്രമാണ് ജയമെങ്കില്‍ ന്യൂസിലന്‍ഡ് - ഇംഗ്ലണ്ട് മത്സര ഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും.
ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 56 ഏകദിനങ്ങളില്‍ 34 എണ്ണത്തില്‍ കിവികള്‍ ജയിച്ചപ്പോള്‍ ഇന്ത്യക്ക് ജയിക്കാനായത് 22 മത്സരങ്ങളില്‍ മാത്രമാണ്. ഇതില്‍ 2022നുശേഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആറിലും ന്യൂസിലന്‍ഡ് ജയിച്ചുവെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.