ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തി, മൂന്ന് വിക്കറ്റ് നഷ്ടം; ഓസീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ പ്രതിരോധത്തില്‍

Published : Nov 02, 2025, 04:30 PM IST
Suryakumar Yadav

Synopsis

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ 187 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. 

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്നിന് 105 എന്ന നിലയിലാണ് ഇന്ത്യ. അക്‌സര്‍ പട്ടേല്‍ (13), തിലക് വര്‍മ (22) എന്നിവരാണ് ക്രീസില്‍. അഭിഷേക് ശര്‍മ (16 പന്തില്‍ 25), ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ 15), സുര്യകുമാര്‍ യാദവ് (11 പന്തില്‍ 24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നതാന്‍ എല്ലിസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മാര്‍കസ് സ്റ്റോയിനിസിന് ഒരു വിക്കറ്റുണ്ട്. നേരത്തെ ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍കസ് സ്‌റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ട് വിക്കറ്റുണ്ട്.

ഗില്ലിനൊപ്പം സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങിയത്. എല്ലിസിന്റെ ബൗണ്‍സറില്‍ അഭിഷേകിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് അനായാസ ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പവര്‍ പ്ലേ തീരും മുമ്പ് ഗില്ലും മടങ്ങി. എല്ലിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മടങ്ങി. സ്റ്റോയിനിസിന്റെ പന്തില്‍ കവറില്‍ എല്ലിസിന് ക്യാച്ച് നല്‍കിയാണ് സൂര്യ മടങ്ങിയത്.

ഓസീസ് തകര്‍ച്ചയോടെ തുടങ്ങി പിന്നെ തകര്‍ത്തടിച്ചു

ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയച്ചപ്പോള്‍ ആഗ്രഹിച്ച തുടക്കമാണ് അര്‍ഷ്ദീപ് സിംഗ് നല്‍കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ (6) മടക്കിയ അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാം ഓവറില്‍ ജോഷ് ഇംഗ്ലിസിനെ കൂടി പുറത്താക്കി ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്ഡ ക്രീസിലിറങ്ങിയ ടിം ഡേവിഡ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിര്‍ത്തി മറുവശത്ത് ഡേവിഡ് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസ് 42ല്‍ എത്തി.

പവര്‍ പ്ലേക്ക് ശേഷമായിരുന്നു ഡേവിഡ് സംഹാരരൂപം പൂണ്ടത്. അക്‌സര്‍ പട്ടേലിനെ ഒരോവറില്‍ കരണ്ട് സിക്‌സ് അടിച്ചു തുടങ്ങിയ ഡേവിഡ് തൊട്ടടുത്ത ഓവറില്‍ ശിവം ദുബെക്കെതിരെ മൂന്ന് ബൗണ്ടറി പറത്തി 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ പന്തുകളില്‍ മിച്ചല്‍ മാര്‍ഷിനെയും(14 പന്തില്‍ 11), മിച്ചല്‍ ഓവനെയും(0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ഡേവിഡ് അടിതുടര്‍ന്നു.

പതിനൊന്നാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് തവണ ഡേവിഡ് സിക്‌സിന് പറത്തി. പന്ത്രണ്ടാം ഓവറില്‍ ഓസീസ് 100 കടന്നു. ശിവം ദുബെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്‌സ് അടിച്ച സ്റ്റോയ്‌നിസ് കരുത്തുകാട്ടിയപ്പോള്‍ അവസാന പന്തില്‍ ഡേവിഡിനെ തിലക് വര്‍മ ബൗണ്ടറിയില്‍ പിടികൂടി. ഡേവിഡ് മടങ്ങിയശേഷം കടിഞ്ഞാണേറ്റെടുത്ത സ്റ്റോയ്‌നിസ് തകര്‍ത്തടിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സ്റ്റോയ്‌നിസ് 39 പന്തില്‍ 64 റണ്‍സെടുത്ത് അര്‍ഷ്ദീപിന്റെ അവസാന ഓവറില്‍ പുറത്തായി. 14 പന്തില്‍ 25 റണ്‍സെടുത്ത മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്