
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ജസ്പ്രീത് ബുമ്ര പരമ്പരയിലെ ഏതൊക്കെ ടെസ്റ്റുകളില്‍ കളിക്കുമെന്നതായിരുന്നു ആരാധകരുടെ പ്രധാന ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ ബുമ്ര കളിക്കൂവെന്ന് ബുമ്രയും സെലക്ടര്‍മാരും നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഏതൊക്കെ ടെസ്റ്റുകളിലാവും ബുമ്ര കളിക്കുക എന്നത് സസ്പെന്‍സായിരുന്നു.
എന്നാല്‍ ബുമ്രയുടെ പങ്കാളിത്തം സംബന്ധിച്ച് പരമ്പരക്ക് മുമ്പുയര്‍ന്ന ചര്‍ച്ചകളെല്ലാം വെറുതെ ആയിരുന്നുവെന്നും ബുമ്ര കളിച്ച രണ്ട് ടെസ്റ്റിലാണ് ഇന്ത്യ തോറ്റതെന്നും തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക്. ഓവല്‍ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം ബിബിസി ടെസ്റ്റ് മാച്ച് സ്പെഷ്യലില്‍ സംസാരിക്കുകയായിരുന്നു കുക്ക്. ബുമ്ര കളിച്ച രണ്ട് കളിയും ഇന്ത്യ തോറ്റു, ബുമ്ര കളിക്കാത്ത കളികള്‍ ജയിക്കുകയും ചെയ്തു, ആലോച്ചിച്ചാല്‍ യാതൊരു എത്തും പിടിയും കിട്ടില്ല, പക്ഷെ അതാണ് ക്രിക്കറ്റിന്‍റെ സൗന്ദര്യമെന്ന് കുക്ക് പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നതിന് തെളിവാണ് ഇന്ത്യക്കെതിരായ പരമ്പരയെന്നും കുക്ക് പറഞ്ഞു. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ബാറ്റിംഗിനെ തുണക്കുന്ന ഫ്ലാറ്റ് പിച്ചുകള്‍ മാത്രം ഒരുക്കിയത് അത്ഭുതപ്പെടുത്തിയെന്നും കുക്ക് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ബുമ്ര കളിച്ചെങ്കിലും നാലാം ഇന്നിംഗ്സില്‍ 378 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ നിന്ന് ബുമ്ര വിശ്രമം എടുത്തപ്പോള്‍ ഇന്ത്യ 336 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. ബുമ്ര ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയപ്പോള്‍ ഇന്ത്യ 22 റണ്‍സിന്‍റെ നേരിയ തോല്‍വി വഴങ്ങി. പിന്നീട് മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിലും ബുമ്ര കളിച്ചെങ്കിലും ഇന്ത്യക്ക് സമനില നേടാനെ കഴിഞ്ഞിരുന്നുള്ളു. പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റെടുത്ത ബുമ്ര വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!