
റാഞ്ചി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ഓസീസിന്റെ 313നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 27 എന്ന നിലയിലാണ്. ശിഖര്‍ ധവാന്‍ (1), രോഹിത് ശര്‍മ (14), അമ്പാട്ടി റായുഡു (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സ് രണ്ടും ജേ റിച്ചാര്‍ഡ്‌സണ്‍ ഒരു വിക്കറ്റും നേടി. വിരാട് കോലി (2), ധോണി (0) എന്നിവരാണ് ക്രീസില്‍. നേരത്തെ ഉസ്മാന്‍ ഖവാജയുടെ (104) സെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
നാലാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോല്‍ ധവാന്‍ മടങ്ങി. 10 പന്തുകളില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത ധവാനെ റിച്ചാര്‍ഡ്‌സണ്‍ മാക്‌സ്‌വെല്ലിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രോഹിത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 പന്തില്‍ 14 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഒരു സിക്‌സും രണ്ട് ഫോറും നേടി തകര്‍പ്പന്‍ തുടക്കമായിരുന്നു രോഹിത്തിന്റേത്. റായുഡുവാകട്ടെ കമ്മിന്‍സ് പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി.
നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിഞ്ച്- ഖവാജ സഖ്യം 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 113 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. പരമ്പരയില്‍ ആദ്യമായി ഫോമിലായ ഫിഞ്ച് 99 പന്തില്‍ 10 ഫോറും മൂന്ന് ഉള്‍പ്പെടെയാണ് 93 റണ്‍സ് നേടിയത്. ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നീടെത്തിയ മാക്‌സ്‌വെല്ലും വെറുതെയിരുന്നില്ല. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 47 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഖവാജ പുറത്തായത് ഓസീസിന് തിരിച്ചടിയായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ. മികച്ച നല്‍കിയ ബാറ്റേന്തിയ മാക്‌സ്‌വെല്‍ രവീന്ദ്ര ജഡേജയുടെയും ധോണിയുടെയും കൂട്ടായ ശ്രമത്തില്‍ റണ്ണൗട്ടായി.
പിന്നീടെത്തിയ താരങ്ങള്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഷോണ്‍ മാര്‍ഷ് (13), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (0) എന്നിവരെ കുല്‍ദീപ് യാദവ് പറഞ്ഞയച്ചു. പുറത്താവാതെ നിന്ന മാര്‍ക്‌സ് സ്റ്റോയിനിസ് (), അലക്‌സ് ക്യാരി സഖ്യമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 300 കടത്തിയത്.
രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിറം മങ്ങിയ കളിയില്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജയും യാദവിനൊപ്പം നിന്നു. എന്നാല്‍ വിക്കറ്റ് ഒന്നും നേടിയില്ലെന്ന് മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!