ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി; ഗ്ലെന്‍ ഫിലിപ്‌സ് പരമ്പരയിലെ താരം

Published : Nov 01, 2026, 04:39 PM IST
Glenn Phillips

Synopsis

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തോൽവി. ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ടിം സീഫെർട്ടിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും മികവിൽ കിവീസ് മറികടന്നു. തോറ്റെങ്കിലും ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. ഹാമില്‍ട്ടണ്‍, സെഡ്ഡണ്‍ പാര്‍ക്കില്‍ നടന്ന അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (32 പന്തില്‍ 61), ശ്രേയസ് അയ്യര്‍ (23 പന്തില്‍ 50) എന്നിവര്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങി. മറുപടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (50 പന്തില്‍ 93), ഗ്ലെന്‍ ഫിലിപ്‌സ് (38 പന്തില്‍ പുറത്താവാതെ 65) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. നേരത്തെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. ഫിലിപ്‌സാണ് പരമ്പരയിലെ താരം.

സീഫെര്‍ട്ടിന് പുറമെ ഫിന്‍ അലന്‍ (2), ഡാരില്‍ മിച്ചല്‍ (29) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ബെവോണ്‍ ജേക്കബ്‌സ് (1), ഫിലിപ്‌സിനൊപ്പം പുറത്താവാതെ നിന്നു. 50 പന്തുകള്‍ മാത്രം കളിച്ച സീഫെര്‍ട്ട് അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് 93 റണ്‍സ് നേടിയത്. ഫിലിപ്‌സിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. അലന്റെ വിക്കറ്റ് തുടക്കത്തില്‍ ന്യൂസിലന്‍ഡിന് നഷ്ടമായെങ്കിലും മിച്ചലിനൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സീഫെര്‍ട്ടിന് സാധിച്ചിരുന്നു. ശേഷം ഫിലിപ്‌സിനൊപ്പം 86 റണ്‍സും ചേര്‍ക്കാന്‍ സീഫെര്‍ട്ടിന് സാധിച്ചു. എന്നാല്‍ വിജയത്തിനരികെ, സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ താരം പുറത്താവുകയായിരുന്നു.

നേരത്തെ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മ (0) മടങ്ങി. നാലാം ഓവറില്‍ സഞ്ജു സാംസണിനും (4) കളം വിടേണ്ടി വന്നു. എന്നാല്‍ ശ്രേയസ്-കിഷന്‍ സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. എന്നാല്‍ 11-ാം ഓവറില്‍ കിഷന്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ ശ്രേയസും. തിലക് വര്‍മയ്ക്കും (6) തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 133 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ നമന്‍ ധിര്‍ (33) - നിതീഷ് കുമാര്‍ റെഡ്ഡി (22) എന്നിവരുടെ 46 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യക്ക് തുണയായി. അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് ഇരുവരും മടങ്ങിയത്. ഭുവനേശ്വര്‍ കുമാറാണ് (6) പുറത്തായ മറ്റൊരു താരം. പ്രിന്‍സ് യാദവ് (0), അര്‍ഷ്ദീപ് സിംഗ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. ആദം മില്‍നെ ന്യൂസിലന്‍ഡിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരണപ്പെട്ടു
'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സ്, നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷന്‍': ട്രോളര്‍ക്ക് ചുട്ട മറുപടിയുമായി ആര്‍ അശ്വിന്‍