
കേപ് ടൗണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറെന്ന റെക്കോര്‍ഡാണ് റബാഡ സ്വന്തമാക്കിയത്. കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തിന്റെ അഞ്ചാം ദിനത്തിലാണ് താരം ഈ ചരിത്രനേട്ടത്തിലെത്തിയത്. പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തിയാണ് റബാഡ ടെസ്റ്റ് കരിയറിലെ 350-ാം വിക്കറ്റ് തികച്ചത്.
പുറത്തേക്ക് പോയ ഫുള്‍ ലെങ്ത് പന്തില്‍ ഡ്രൈവിംഗിന് ശ്രമിച്ച ഹെഡ് സ്ലിപ്പില്‍ മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 13,808 പന്തുകളില്‍ നിന്നാണ് റബാഡ 350 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഇതിഹാസ താരം ഡേല്‍ സ്റ്റെയ്‌ന്റെ റെക്കോര്‍ഡാണ് റബാഡ പഴങ്കഥയാക്കിയത്.
കാഗിസോ റബാഡ - 13,808 പന്തുകള്‍
ഡേല്‍ സ്റ്റെയ്ന്‍ - 14,719 പന്തുകള്‍
വഖാര്‍ യൂനുസ് - 14,905 പന്തുകള്‍
മാല്‍ക്കം മാര്‍ഷല്‍ - 16,285 പന്തുകള്‍
മിച്ചല്‍ സ്റ്റാര്‍ക്ക് - 16,908 പന്തുകള്‍
ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 350 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ താരമാകാനും റബാഡയ്ക്ക് സാധിച്ചു. 75 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് റബാഡ ഈ നേട്ടം കൈവരിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിനൊപ്പം നാലാം സ്ഥാനത്താണ് റബാഡ ഇപ്പോള്‍. കിവീസിന്റെ റിച്ചാര്‍ഡ് ഹാഡ്ലിയും ഡേല്‍ സ്റ്റെയ്നും 69 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
റിച്ചാര്‍ഡ് ഹാഡ്ലി / ഡേല്‍ സ്റ്റെയ്ന്‍ - 69 മത്സരങ്ങള്‍
ഡെന്നിസ് ലില്ലി - 70 മത്സരങ്ങള്‍
ഗ്ലെന്‍ മഗ്രാത്ത് - 74 മത്സരങ്ങള്‍
മാല്‍ക്കം മാര്‍ഷല്‍ / കാഗിസോ റബാഡ - 75 മത്സരങ്ങള്‍
വഖാര്‍ യൂനുസ് - 78 മത്സരങ്ങള്‍
ഇമ്രാന്‍ ഖാന്‍ - 79 മത്സരങ്ങള്‍
അഞ്ചാം ദിനം പന്തെറിയാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റബാഡ അതിഗംഭീര തുടക്കമാണ് നല്‍കിയത്. മാറ്റ് റെന്‍ഷാ, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരെ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ത്തന്നെ പുറത്താക്കാന്‍ റബാഡയ്ക്കായി. റെന്‍ഷായെ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കല്‍ട്ടന്റെ കൈകളില്‍ എത്തിച്ച റബാഡ, തൊട്ടടുത്ത ഓവറില്‍ ലബുഷെയ്‌നെ എല്‍ ബി ഡബ്ല്യു ആയും പുറത്താക്കി ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!