ഓപ്പണിംഗ് സ്ഥാനം രാഹുലിന്, മലയാളി താരം ടീമില്‍ ഉള്‍പ്പെട്ടേക്കാം; ഇംഗ്ലണ്ട് പര്യടനത്തിനുള്ള സാധ്യതാ സ്‌ക്വാഡ്

Published : May 11, 2025, 09:07 PM IST
ഓപ്പണിംഗ് സ്ഥാനം രാഹുലിന്, മലയാളി താരം ടീമില്‍ ഉള്‍പ്പെട്ടേക്കാം; ഇംഗ്ലണ്ട് പര്യടനത്തിനുള്ള സാധ്യതാ സ്‌ക്വാഡ്

Synopsis

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സാധ്യതാ സ്ക്വാഡിൽ കെ എൽ രാഹുൽ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചു. ശുഭ്മാൻ ഗിൽ ക്യാപ്റ്റനാകാനും സാധ്യതയുണ്ട്. മലയാളി താരം കരുൺ നായരും ടീമിലുണ്ടാകാൻ സാധ്യതയുണ്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച മുഴുവന്‍ അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ചാണ്. പുതിയ ക്യാപ്റ്റനേയും ടീമിനേയും തെരഞ്ഞെടുക്കേണ്ടതുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ പകരം ആരാകും ഇന്ത്യയുടെ നായകന്‍ എന്നുള്ളതാണ് പ്രധാന ആകാംക്ഷ. പുതിയ ഓപ്പണറേയും കണ്ടെത്തണം. രോഹിത്തിന്റെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാള്‍ - കെ എല്‍ രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യത ഏറെയാണ്. ഇതിന് പിന്നാലെ വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിക്കുക കൂടി ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ആകാംക്ഷയേറ്റിയിട്ടുണ്ട്.

രാഹുല്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ച മട്ടാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ രാഹുല്‍ കരുത്ത് തെളിയിക്കാന്‍ സാധിക്കുമെന്നാണ് സെലക്റ്റര്‍മാരുടെ വിലയിരുത്തല്‍. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പാക്കുന്നു. ഇന്ത്യയെ നയിക്കുന്നതും ഗില്‍ ആയിരിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ വിരാട് കോലിയെത്തും. കോലിക്ക് ബാക്ക് അപ്പ് എന്ന നിലയില്‍ സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇംഗ്ലണ്ടില്‍ കൗണ്ടി കളിച്ചുള്ള പരിചയവും സായിക്കുണ്ട്. മധ്യനിരയില്‍ ശ്രേയസ് അയ്യരും ഉണ്ടാവും. 

മലയാളി താരം കരുണ്‍ നായരേയും ടീമിലേക്ക് പരിഗണിച്ചേക്കും. ഇന്ത്യ എ, ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നുണ്ട്. ആ പര്യടനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കരുണ്‍ ടീമില്‍ വേണമോ, വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനെ ടീമിലേക്ക് പരിഗണിക്കില്ല. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനെയും ധ്രുവ് ജുറെലിനെയും നിലനിര്‍ത്താനാണ് സാധ്യത. ഇരുവരും ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും കെ എല്‍ രാഹുലിനെയും വിക്കറ്റ് കീപ്പറായി പരിഗണിക്കാമെന്നതിനാല്‍ മറ്റ് സാധ്യതകള്‍ സെലക്ടര്‍മാര്‍ തേടാനിടയില്ല. 

ബാറ്റിംഗ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ തുടരും. ജസ്പ്രിത് ബുമ്രയും മുഹമ്മഷ് ഷമിയും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും പേസര്‍മാരായി ടീമിലെത്തുമ്പോള്‍ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി സ്‌ക്വാഡിലെത്തും. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ്: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
 

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍