തങ്ങൾ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ലാഹോര്‍: ടി20 ലോകകപ്പിൽ ഞായറാഴ്ച നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്ന് പാകിസ്ഥാൻ പിന്മാറി. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തില്‍ സല്‍മാന്‍ ആഘയും സംഘവും ഇന്ത്യക്കെതിരെ ഗ്രൗണ്ടിലിറങ്ങുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാൻ തീരുമാനിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

തങ്ങൾ മുന്നോട്ടുവെച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ അവർക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാകിസ്ഥാന്‍റെ ആവശ്യം. ഇത് തള്ളിയെങ്കിലും, അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യം ഐസിസി പരിഗണിക്കും.2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്‍റ് ബംഗ്ലാദേശിൽ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍. ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ലാത്തത് ഖേദകരമാണെന്ന് സിഇഒ സൻജോഗ് ഗുപ്ത പറഞ്ഞു.

അതേസമയം, ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളി. ഇത്തരം തീരുമാനങ്ങൾ അതാത് രാജ്യങ്ങളിലെ സർക്കാരുകളുടെയും ക്രിക്കറ്റ് ബോർഡുകളുടെയും അധികാരപരിധിയിൽ വരുന്നതാണെന്നും അതിൽ ഇടപെടാൻ ഐസിസിക്ക് കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ബിസിസിഐയും ഇതിനോടകം തന്നെ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍-ബംഗ്ലാദേശ് ടീമുകള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയെന്ന പാകിസ്ഥാന്‍റെ ആവശ്യവും ഐസിസി തള്ളി. ഒരു പതിറ്റാണ്ടായി ത്രിരാഷ്ട്ര പരമ്പരകളിൽ പങ്കെടുക്കാത്ത ഇന്ത്യ ഈ നീക്കത്തോടും അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

മുഖം രക്ഷിക്കാന്‍ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും അഭ്യര്‍ത്ഥന മറയാക്കി

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് ഷമ്മി സിൽവ, യു.എ.ഇ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എന്നിവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പാകിസ്ഥാൻ തീരുമാനം മാറ്റിയതെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പാക് ക്രിക്കറ്റ് ബോര്‍ഡിനെഴുതിയ കത്തും ഇതിനിടെ പുറത്തുവിട്ടിരുന്നു.

പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണി പിന്‍വലിച്ചതോടെ ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും ലോകകപ്പിലെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടം മുടങ്ങില്ലെന്ന് ഉറപ്പായതോടെ ബ്രോഡ്‌കാസ്റ്റർമാരും ആരാധകരും ആശ്വാസത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക