
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ആരെ തുണക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് ആശങ്ക. മത്സരത്തിനായി രണ്ട് പിച്ചുകളാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തയാറാക്കിയിരിക്കുന്നത്. ഒന്ന് ചുവന്ന മണ്ണിലും മറ്റൊന്ന് കറുത്ത മണ്ണിലുമാണ്. ഇതില്‍ ഏത് പിച്ചാകും മത്സരത്തിന് ഉപയോഗിക്കുന്ന എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
കറുത്ത കളിമണ്ണില്‍ നിര്‍മിച്ചിരിക്കുന്ന പിച്ചാണ് മത്സരത്തിന് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യ മൂന്ന് ടെസ്റ്റുകളെ അപേക്ഷിച്ച് ബാറ്റിംഗ് കുറച്ചുകൂടി എളുപ്പമാകും. ചുവന്ന കളിമണ്ണിലെ പിച്ചാണെങ്കില്‍ സ്പിന്നര്‍മാരുടെ പ്രകടനം വീണ്ടും നിര്‍ണായകമാകുകയും ചെയ്യും. നിലവില്‍ രണ്ട് പിച്ചുകളും കവര്‍ ഉപയോഗിച്ച് മൂടിയിട്ടിട്ടുണ്ട്. ഏത് പിച്ചാണ് മത്സരത്തിന് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്‍ഡോര്‍ പിച്ചിന് മോശം റേറ്റിംഗ് നല്‍കിയ ഐസിസി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി ബിസിസിഐ
എന്ത് തരത്തിലുള്ള പിച്ചാണ് വേണ്ടതെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഇന്‍ഡോറിലേത് പോലെ സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചാകില്ല അഹമ്മദാബാദിലേതെന്നാണ് സൂചന. ഇന്‍ഡോറില്‍ സ്പിന്‍ പിച്ചൊരുക്കിയതിനെത്തുടര്‍ന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നാണംകെട്ടപോലെ നാണംകെടാനാവില്ലെന്നാണ് അസോസിയേഷന്‍ നിലപാട്.
അഹമ്മദാബാദില്‍ ഇതിന് മുമ്പ് നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഇതില്‍ 2021ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നു. അന്ന് അക്സര്‍ പട്ടേലും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നവീകരണത്തിനുശേഷം നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. ആ ടെസ്റ്റിലും അക്സറും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതും ഈ ടെസ്റ്റിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!