
രാജ്‌കോട്ട്: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക്(India vs South Africa) 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ്(Dinesh Karthik) ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya) 31 പന്തില്‍ 46 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.
തുടക്കം പാളി, ഒടുക്കം മിന്നി
ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും ഇന്ത്യയെ പിടികൂടി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ(5) നഷ്ടമായി. ലുങ്കി എങ്കിഡിക്കായിരുന്നു വിക്കറ്റ്. വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യര്‍ക്ക് രണ്ട് പന്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളു. മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ശ്രേയസ് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 24 റണ്‍സെ ഉണ്ടായിരുന്നുള്ളു.
നിരാശപ്പെടുത്തി പന്ത്
നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ റിഷഭ് പന്താണ് എത്തിയത്. എന്നാല്‍ രണ്ട് വിക്കറ്റ് വീണതോടെ സ്കോറിംഗ് മന്ദഗതിയിലായപ്പോള്‍ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചത് ഇന്ത്യയെ പവര്‍പ്ലേയിലെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. പവര്‍പ്ലേയില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സടിച്ചു. പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ ഇഷാന്‍ കിഷനെ26 പന്തില്‍ 27) മടക്കി ആന്‍റിച്ച് നോര്‍ക്യ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ 50 കടത്തിയെങ്കിലും സ്കോറിംഗ് വേഗം കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. പത്തോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സിലെത്തിയതേയുണ്ടായിരുന്നുള്ളു.
ഷംസിയുടെ പന്തില്‍ ഒരുതവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട പന്ത് തൊട്ടടുത്ത ഓവറില്‍ കേശവ് മഹാരാജിന്‍റെ പന്തില്‍ പുറത്തായി. 23 പന്തില്‍ 17 റണ്‍സ് മാത്രമായിരുന്നു പന്തിന്‍റെ സമ്പാദ്യം.
കാര്‍ത്തിക്ക് ഫിനിഷിംഗ്
പന്തിന് പകരം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കും ഹാര്‍ദ്ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കി. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ 96-4 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ അവസാന അഞ്ചോവറില്‍ 73 റണ്‍സടിച്ചാണ് ഇരുവരും ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പതിനാറാം ഓവറില്‍ 15ഉം പതിനേഴാ ഓവറില്‍ 13ഉം റണ്‍സടിച്ച ഇരുവരും പതിനെട്ടാം ഓവറില്‍ 16 റണ്‍സടിച്ചു.
പത്തൊമ്പതാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(31 പന്തില്‍ 46) പുറത്തായത് അവസാന ഓവറുകളിലെ സ്കോറിംഗിനെ ബാധിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സടിച്ച് ടി20യില്‍ ഇന്ത്യക്കായി ആദ്യ ഫിഫ്റ്റി അടിച്ച കാര്‍ത്തിക് തൊട്ടടുത്ത പന്തില്‍ പുറത്തായി 26 പന്തിലാണ് കാര്‍ത്തിക് അര്‍ധസെഞ്ചുറി തികച്ചത്. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്.