ചെന്നൈ ടെസ്റ്റിലെ വമ്പന്‍ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ

By Web TeamFirst Published Feb 9, 2021, 6:02 PM IST
Highlights

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമായി. ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് 2-1ന് എങ്കിലും പരമ്പര ജയിക്കണം.

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വൻ തോൽവി നേരിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റില്‍ ഒന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ചെന്നൈ ടെസ്റ്റിലെ വിജയത്തോടെ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമായി. ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് 2-1ന് എങ്കിലും പരമ്പര ജയിക്കണം. പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതില്‍ ഒരെണ്ണം കൂടി ഇംഗ്ലണ്ട് ജയിച്ചാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവും. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചാൽ ഓസ്ട്രേലിയയാവും ഫൈനലിലെത്തുക.

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ചെന്നൈയിൽ തന്നെ ശനിയാഴ്ച തുടങ്ങും. മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിലാണ് നടക്കുക. ഇതില്‍ മൂന്നാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റാണ്. ഇംഗ്ലണ്ടിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യക്കെതിരെ 3-0നോ, 3-1നോ പരമ്പര നേടണം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതോടെ, ന്യൂസിലൻഡ് നേരത്തേ തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കിയിരുന്നു.

click me!