സഞ്ജു ഇടംപിടിക്കുമോ? ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന തിയതി പുറത്ത്

By Jomit JoseFirst Published Aug 20, 2022, 2:17 PM IST
Highlights

ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ടീമിനെ പ്രഖ്യാപിക്കുന്ന തിയതി, സ്ക്വാഡിലെ അംഗങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള ഐസിസി നിബന്ധനകള്‍ തുടങ്ങിയ സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം 

മുംബൈ: ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസി ടി20 ലോകകപ്പിനായി 15 താരങ്ങളടങ്ങിയ ഇന്ത്യന്‍ സ്‌ക്വാഡിനെ സെപ്റ്റംബര്‍ 15ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍സൈഡ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി മുംബൈയില്‍ ഇതിന് മുമ്പ് യോഗം ചേരും. ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ചിരിക്കുന്ന അവസാന ദിനം കൂടിയാണ് സെപ്റ്റംബര്‍ 15. പതിനഞ്ച് താരങ്ങള്‍ക്ക് പുറമെ കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനുള്ള അവസരവും ടീമുകള്‍ക്കുണ്ട്. 

ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടി20 ലോകകപ്പ് നടക്കുക. ഒക്‌ടോബര്‍ 23ന് വൈരികളായ പാകിസ്ഥാനെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ടൂര്‍ണമെന്‍റിലും ആദ്യ മത്സരത്തില്‍ പാക് ടീമായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം കളിച്ച 24 ടി20കളില്‍ 19 ജയം നേടിയതിന്‍റെ പ്രതീക്ഷയിലാണ് ഇന്ത്യ. 

യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പിന് പുറമെ ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ടി20 പരമ്പരകളും ഇന്ത്യക്കുണ്ട്. ലോകകപ്പ് മുന്‍നിര്‍ത്തി ഏഷ്യാ കപ്പ് മത്സരങ്ങളും ടി20 ഫോര്‍മാറ്റിലാണ് നടക്കുക. സെപ്റ്റംബര്‍ 11ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പിനുള്ള ടീം പ്രഖ്യാപനം. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഏഷ്യാ കപ്പ് പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണായകമാണ്. ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരുന്നില്ല. 

ഓസ്‌ട്രേലിയയില്‍ ഗ്രൂപ്പ് ഘട്ട യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 16ന് ആരംഭിക്കും. 22-ാം തിയതിയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമാവുക. 15 താരങ്ങളുള്ള പ്രധാന സ്‌ക്വാഡിനെയാണ് പ്രഖ്യാപിക്കേണ്ടതെങ്കിലും ടീമിലെ ആകെ അംഗങ്ങളുടെ എണ്ണം 30 വരെയാകാന്‍ അനുമതിയുണ്ട്. 15 താരങ്ങള്‍ക്ക് പുറമെ എട്ട് സപ്പോര്‍ട്ട് സ്റ്റാഫും ചേരുന്നതാണ് ഔദ്യോഗിക സ്‌ക്വാഡ്. കൊവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി ഏഴ് അധിക അംഗങ്ങളില്‍ നെറ്റ് ബൗളര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ ഉള്‍പ്പെടുത്താം. മഹാമാരി അവസാനിച്ചിട്ടില്ലാത്തതിനാല്‍ എല്ലാ ടീമിനൊപ്പവും ഡോക്‌ടര്‍ വേണമെന്ന നിബന്ധനയുണ്ട്. 

ആരോഗ്യ സംബന്ധിയായ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ 15 അംഗ താരങ്ങളുടെ സ്‌ക്വാഡില്‍ ടീമുകള്‍ക്ക് പിന്നീട് മാറ്റം വരുത്താനാകൂ. ഇതിന് ഐസിസി കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. 15 അംഗ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് മാത്രമേ ലോകകപ്പില്‍ കളിക്കാനാകൂ. 

നമ്മടെ ചെക്കന്‍ വേറെ ലെവല്‍; ഒറ്റകൈയില്‍ പന്ത് കുരുക്കി സഞ്ജുവിന്‍റെ വണ്ടര്‍ ഡൈവിംഗ്- വീഡിയോ

click me!