നമ്മടെ ചെക്കന്‍ വേറെ ലെവല്‍; ഒറ്റകൈയില്‍ പന്ത് കുരുക്കി സഞ്ജുവിന്‍റെ വണ്ടര്‍ ഡൈവിംഗ്- വീഡിയോ

By Jomit JoseFirst Published Aug 20, 2022, 1:45 PM IST
Highlights

കൈറ്റാനോയുടെ ബാറ്റിലുരസി വിക്കറ്റിന് പിന്നിലേക്ക് പന്തെത്തിയപ്പോള്‍ അതിസാഹസികമായി ഒറ്റക്കൈയില്‍ പറന്നുപിടിക്കുകയായിരുന്നു സഞ്ജു സാംസണ്‍

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണര്‍ താകുഡ്‌വാനിഷ് കൈറ്റാനോയെ പുറത്താക്കാന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തിലാണ് സഞ്ജു പറന്നത്. ഒറ്റകൈയില്‍ പന്ത് കൊരുത്ത് ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ പറന്നിറങ്ങുകയായിരുന്നു സഞ്ജു സാംസണ്‍. 

ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിംബാബ്‌വെ ഓപ്പണര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ ടീമിന്‍റെ തലയരിഞ്ഞ ദീപക് ചാഹറിന്‍റെ അഭാവം മുതലാക്കിയുള്ള നീക്കം. എന്നാല്‍ സിംബാബ്‌വെ ഇന്നിംഗ്‌സിലെ 9-ാം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് സിറാജ് ഈ പ്രതിരോധം പൊളിച്ചു. കൈറ്റാനോയുടെ ബാറ്റിലുരസി വിക്കറ്റിന് പിന്നിലേക്ക് പന്തെത്തിയപ്പോള്‍ അതിസാഹസികമായി ഒറ്റക്കൈയില്‍ പറന്നുപിടിക്കുകയായിരുന്നു സഞ്ജു സാംസണ്‍. 32 പന്ത് നേരിട്ട കൈറ്റാനോ ഏഴ് റണ്‍സേ നേടിയുള്ളൂ. ഈസമയം 20 റണ്‍സാണ് സിംബാബ്‌വെ അക്കൗണ്ടിലുണ്ടായിരുന്നത്. 

One handed catch from Sanju Samson. pic.twitter.com/ILfly28AiJ

— Just Butter (@ItzButter63)

നേരത്തെ ആദ്യ ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുകളുമായി സ‍ഞ്‍ജു സാംസണ്‍ കയ്യടി വാങ്ങിയിരുന്നു. ഒന്നല്ല, രണ്ട് മിന്നും ക്യാച്ചുകളായിരുന്നു മത്സരത്തില്‍ സഞ്ജുവിന്‍റെ സംഭാവന. ദീപക് ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇന്നസെന്‍റ് കയ, സഞ്ജു സാംസണ് ക്യാച്ച് നല്‍കി മടങ്ങിയതാണ് ഇതിലൊന്ന്. രണ്ടാം ശ്രമത്തിലാണ് സഞ്ജു ക്യാച്ച് പൂര്‍ത്തിയാക്കിയത്. ഒമ്പതാം ഓവറില്‍ രണ്ടാം ഓപ്പണര്‍ ടഡിവനാഷെ മറുമാനിയും മടങ്ങി. ഇത്തവണയും സഞ്ജു-ചാഹര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു വിക്കറ്റിന് പിന്നില്‍. രണ്ടും മത്സരത്തിലെ മികച്ച ക്യാച്ചുകളായി മാറി. 

സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. 

'ഞാനൊന്ന് തൊട്ടോട്ടേ'... ദീപക് ചാഹറിനോട് സിംബാബ്‌വെ താരത്തിന്‍റെ കുടുംബം; വീഡിയോ വൈറല്‍

click me!