
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്തില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്. ഇന്ത്യയുടെ 88 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കളിച്ച എല്ലാ ടെസ്റ്റ് മത്സരങ്ങളും(കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും കളിച്ച വര്‍ഷം) തോല്‍ക്കുക എന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റില്‍ ജയിച്ചിട്ടില്ല. മെല്‍ബണിലും തോറ്റാല്‍ ഒരു കലണ്ടര്‍ വര്‍ഷം ഒറ്റ ടെസ്റ്റ് വിജയം പോലുമില്ലാതെ ഇന്ത്യ പൂര്‍ത്തിയാക്കേണ്ടിവരും. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ 19 തവണയാണ് ഒരു ടീം കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാതിരുന്നിട്ടുള്ളത്. ഇതില്‍ ബംഗ്ലാദേശ് അഞ്ച് തവണയും സിംബാബ്‌വെയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മൂന്ന് തവണ വീതവും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ ഓരോ തവണയും ടെസ്റ്റ് വിജയങ്ങളൊന്നുമില്ലാതെ കലണ്ടര്‍ വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യ ഇതുവരെ ഒരു വിജയം പോലുമില്ലാതെ കലണ്ടര്‍ വര്‍ഷം പിന്നിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരെ കളിച്ച രണ്ട് ടെസ്റ്റിലും തോറ്റ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലും തോറ്റിരുന്നു. മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നൂറാമത്തെ ടെസ്റ്റാണ്.
ഇതുവരെ നടന്ന 99 ടെസ്റ്റുകളില്‍ 43 ജയങ്ങളുമായി ഓസ്ട്രേലിയ ബഹുദൂരം മുന്നിലാണ്. 2018-2019ല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ ടെസ്റ്റ് തോറ്റശേഷം ഓസ്ട്രേലിയ നാട്ടില്‍ ടെസ്റ്റ് തോറ്റിട്ടില്ല. മെല്‍ബണില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യ ഇവിടെ ജയിച്ചിരുന്നു എന്നതാണ്. മെല്‍ബണില്‍ ഓസീസിനെതിരെ കളിച്ച 13 ടെസ്റ്റില്‍ മൂന്നെണ്ണം ഇന്ത്യ ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!