ഇന്ത്യക്ക് ആശങ്കകളേറെ, ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് നാളെ

By Web TeamFirst Published Dec 25, 2020, 11:05 AM IST
Highlights

ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യവും. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ തുടക്കം. മെല്‍ബണിലാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്. അഡലെയ്ഡില്‍ തകര്‍ന്നടിഞ്ഞ ബാറ്റിംഗ് നിരയുമായി ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനെത്തുന്നത്. ഒപ്പം ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യവും. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. 

നാട്ടിലേക്ക് മടങ്ങിയ കോലിക്ക് പകരം അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. ഓപ്പണിംഗ് ആര് വരണമെന്നുള്ളതില്‍ ആശങ്കള്‍ ഏറെയാണ്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷോ വിമര്‍ശനങ്ങളുടെ മുള്‍മുനയിയാണ്. ഷാ പുറത്തിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ പകരം ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ആരെങ്കിലും ക്രീസിലെത്തും. മായങ്ക് അഗര്‍വാളിനൊപ്പം ഗില്‍ ഓപ്പണാറാവാനാണ് സാധ്യത. ഗില്‍ ഓപ്പണറാവുമെങ്കില്‍ കോലിക്ക് പകരം രാഹുല്‍ ക്‌ളിക്കും. 

വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്ത് വിക്കറ്റിന് പുറകില്‍ എത്തിയേക്കും. പരുക്ക് മാറിയ രവീന്ദ്ര ജഡേജയും ടീമിലെത്താന്‍ സാധ്യതയേറെ.  ഹനുമ വിഹാരിക്ക് പകരമാണ് ജഡേജയെ കളിപ്പിക്കുക. ഷമിക്ക് പകരം മുഹമ്മദ് സിറാജിനും നറുക്ക് വീണേക്കും. എന്നാല്‍ നവ്ദീപ് സൈനിയുടെ പേരും ആ സ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്. ഓരോ ദിവസം കഴിയും തോറും വേഗം കുറയുന്ന വിക്കറ്റായതിനാല്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാനാണ് സാധ്യത. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്. 

ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ആദ്യ ടെസ്റ്റിലെ ടീമിനെ തന്നെ നിലനിര്‍ത്തുമെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജോ ബേണ്‍സ്, മാത്യു വേയ്ഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ഹെയ്സല്‍വുഡ് എന്നിവരാണ് ഓസീസിന്റെ ഇലവനിലുണ്ടാവുക.

click me!