ഐസിസിയുടെ വരുമാന വിതരണം പ്രധാനമായും ഇത്തരം ഹൈ വോള്‍ട്ടേജ് മത്സരങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.

കൊളംബോ: ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിൽ നിന്നുള്ള ബഹിഷ്കരണ തീരുമാനം പാകിസ്ഥാൻ സർക്കാർ പിൻവലിച്ചതോടെ ശതകോടികളുടെ സാമ്പത്തിക നഷ്ടമാണ് ഐസിസി ഒഴിവായത്. തിങ്കളാഴ്ച വൈകിട്ട് നടന്ന നിർണായക നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് പാകിസ്ഥാൻ ബഹിഷ്കരണ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ആഗോള ക്രിക്കറ്റ് വിപണിയിൽ 250 ദശലക്ഷം ഡോളർ (ഏകദേശം 2,264 കോടി രൂപ) നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാൻ ഈ മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിൽ ഏകദേശം 174 ദശലക്ഷം ഡോളറിന്‍റെ (ഏകദേശം 1,576 കോടി രൂപ) നേരിട്ടുള്ള നഷ്ടം ഐസിസിയും ബ്രോഡ്‌കാസ്റ്റർമാരും നേരിടേണ്ടി വരുമായിരുന്നു.

സംപ്രേക്ഷണാവകാശമുള്ള ജിയോ സ്റ്റാറിന് മാത്രം ഏകദേശം 200 മുതൽ 250 കോടി രൂപയുടെ പരസ്യവരുമാന നഷ്ടമാണ് മത്സരം നടക്കാതിരുന്നെങ്കില്‍ സംഭവിക്കുമായിരുന്നത്. ഇന്ത്യ-പാക് മത്സരത്തിനിടെയുള്ള 10 സെക്കൻഡ് പരസ്യത്തിന് 40 ലക്ഷം രൂപ വരെയാണ് ജിയോ സ്റ്റാര്‍ ഈടാക്കുന്നത്. ഇതിന് പുറമെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ സ്പോണ്‍സര്‍ഷിപ്പ് എന്നിവയില്‍ നിന്നുള്ള വലിയ വരുമാനവും ഐസിസിക്ക് നഷ്ടമാകുമായിരുന്നു.

ഐസിസിയുടെ വരുമാന വിതരണം പ്രധാനമായും ഇത്തരം ഹൈ വോള്‍ട്ടേജ് മത്സരങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. 2024-2027 കാലയളവില്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ നാല് ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളാണ് ഐസിസി ഉറപ്പുവരുത്തിയിരുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകൾക്കുള്ള ഐസിസി വിഹിതം വിതരണം ചെയ്യുന്നത്.

2024-27 വര്‍ഷങ്ങളില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട വരുമാന വിഹിതം ഏകദേശം 144 ദശലക്ഷം ഡോളറാണ് (ഏകദേശം 1,304 കോടി രൂപ). ഓരോ വർഷവും ഏകദേശം 344 കോടി രൂപ വീതമാണ് പാകിസ്ഥാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം മുടങ്ങിയിരുന്നെങ്കില്‍ ഇതും പാകിസ്ഥാന് നഷ്ടമാകുമായിരുന്നു.

മത്സരം റദ്ദാക്കിയിരുന്നെങ്കിൽ ശ്രീലങ്കയിലെത്തുന്ന സ‍ഞ്ചാരികളുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാകുമായിരുന്നു. ഹോട്ടല്‍ ബുക്കിംഗുകള്‍ വിമാന യാത്രാ ടിക്കറ്റുകള്‍ എന്നിവവഴിയുള്ള വരുമാനത്തിലും വലിയ ഇടിവാണ് സംഭവിക്കുക. മത്സരം നടക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാന നിരക്കുകളിൽ വൻ വര്‍ധനവാണുണ്ടായത്. മുംബൈയിൽ നിന്ന് കൊളംബോയിലേക്കുള്ള പോയി വരാനുള്ള റൗണ്ട് ട്രിപപ് ടിക്കറ്റ് നിരക്ക് 10,000 രൂപയിൽ നിന്ന് 60,000 രൂപയായി ഇന്നലെ വർധിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ടൂർണമെന്‍റിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ആദ്യം ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എന്നാൽ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ നേരിട്ട് ആവശ്യപ്പെട്ടതും ശ്രീലങ്ക ഉൾപ്പെടെയുള്ള 'സൗഹൃദ രാജ്യങ്ങളുടെ' അഭ്യർത്ഥനയും മാനിച്ചാണ് ഇപ്പോൾ തീരുമാനം മാറ്റിയതെന്ന് പാക് സർക്കാർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക