ലോകകപ്പ്: ഇന്ത്യ സെമി ഉറപ്പിച്ച ടീമെന്ന് ഇതിഹാസം

By Web TeamFirst Published Apr 24, 2019, 12:51 PM IST
Highlights

വളരെ സന്തുലിതമായ ആയ ടീമാണ് ഇന്ത്യ. അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകും. അതിനാല്‍ ഇന്ത്യ തീര്‍ച്ചയായും അവസാന നാലില്‍ എത്തുമെന്ന് വാസ്

കൊളംബോ: ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിക്കുമെന്ന് ശ്രീലങ്കന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളില്‍ ക്രിക്കറ്റില്‍ ഇന്ത്യ മേധാവിത്വം കാട്ടുകയാണ്. അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള പേസ് നിര ഇന്ത്യക്കുണ്ട്. വളരെ സന്തുലിതമായ ആയ ടീമാണ് ഇന്ത്യ. അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകും. അതിനാല്‍ ഇന്ത്യ തീര്‍ച്ചയായും അവസാന നാലില്‍ എത്തുമെന്ന് വാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ശ്രീലങ്കയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ചും വാസ് സംസാരിച്ചു. 'പരിചയസമ്പത്തും മികവും ശ്രീലങ്കന്‍ ക്രിക്കറ്റിന് കൈമോശം വന്നിട്ടുണ്ട്. നായകന്‍ ദിമുത് കരുണരത്‌നയില്‍ സെലക്‌ടര്‍മാരും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും വിശ്വാസമര്‍പ്പിക്കുന്നു. ടീം ഒത്തൊരുമ കാട്ടുമെന്നും ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് പ്രതീക്ഷയെന്നും' വാസ് പറഞ്ഞു. 2015ന് ശേഷം ഏകദിനം കളിക്കാത്ത താരമായ ദിമുതിനെ ലോകകപ്പ് നായകനാക്കി ലങ്കന്‍ സെലക്‌ടര്‍മാര്‍ ഞെട്ടിക്കുകയായിരുന്നു.

ലങ്കന്‍ പേസര്‍ ലസിത് മലിംഗയെ മുന്‍ താരം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പേര്‍മാരില്‍ ഒരാളും ലങ്കയിലെ മികച്ച ബൗളറുമാണ് മലിംഗയെന്നാണ് വാസിന്‍റെ വിശേഷണം. 'നായകനും താരവുമെന്ന നിലയില്‍ മലിംഗയെ തങ്ങള്‍ ആശ്രയിച്ചിരുന്നു. ടീമിനായി 100 ശതമാനം അര്‍പ്പണത്തോടെ കളിക്കുന്ന താരമാണയാള്‍. ലോകകപ്പില്‍ ശ്രീലങ്കയുടെ കുന്തമുനയായിരിക്കുമെന്നും' ഇതിഹാസ പേസര്‍ വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്‍പ് വരെ മലിംഗയായിരുന്നു ലങ്കയുടെ ഏകദിന നായകന്‍. 

click me!