കോലിയും രോഹിത്തും ബുമ്രയുമില്ലാതെ ജൂലൈയില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക്

By Web TeamFirst Published May 10, 2021, 2:25 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 20 അംഗ ടീമിലെ ആരും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലുണ്ടാവില്ലെന്നും ഗാംഗുലി പിടിഐയോട് പറഞ്ഞു.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കു ഇടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ പര്യടനം നടത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ശ്രീലങ്കത്തെരിയെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയിലാവും ഇന്ത്യ കളിക്കുക.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 20 അംഗ ടീമിലെ ആരും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലുണ്ടാവില്ലെന്നും ഗാംഗുലി പിടിഐയോട് പറഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോലിയും,  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും റിഷഭ് പന്തുമൊന്നും ഇല്ലാത്ത ഇന്ത്യന്‍ ടീമാവും ശ്രീലങ്കന്‍ പര്യടനത്തിന് പോവുക എന്ന് ഇതോടെ ഉറപ്പായി. ഏകദിന, ടി20 സ്പെഷലിസ്റ്റുകള്‍ മാത്രം അടങ്ങുന്നതാവും ഈ ടീമെന്നും ഗാംഗുലി വ്യക്തമാക്കി.

ജൂലൈ മാസത്തില്‍ മറ്റ് ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യന്‍ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഒട്ടേറെ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പായി. ഐപിഎല്ലില്‍ തിളങ്ങിയ പലതാരങ്ങള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. കോലിയുടെയും രോഹിത്തിന്‍റെയും അഭാവത്തില്‍ ആരാകും നായകനെന്നതും ആരാധകരില്‍ ആകാക്ഷ ഉയര്‍ത്തുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!