
മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. ശസ്‌ത്രക്രിയക്ക് ശേഷം പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് പാണ്ഡ്യയെ ഒഴിവാക്കാന്‍ കാരണം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പാണ്ഡ്യയുടെ ചികിത്സ തുടരും എന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ സീനിയര്‍ ടീമില്‍ പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും.
നേരത്തെ, ജനുവരിയില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് നായകന്‍ വിരാട് കോലി, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം പാണ്ഡ്യ പരിശീലനം നടത്തിയിരുന്നു. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പാണ്ഡ്യയുടെ പരിശീലനം. പരിക്കിന് ശേഷം തിരിച്ചെത്താന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തണമെന്ന കീഴ്‌വഴക്കത്തിന്‍റെ ഭാഗമായായിരുന്നു ഇത്. പാണ്ഡ്യ ഉടന്‍ തിരിച്ചെത്തും എന്ന സൂചനയായി ഇതിനെ ക്രിക്കറ്റ് നിരീക്ഷകര്‍ കണ്ടിരുന്നു.
പാണ്ഡ്യയുടെ പരിക്ക്, ടീമിന് വലിയ തലവേദന
എന്നാല്‍, ഇന്ത്യ എയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് അവസാന നിമിഷം താരത്തെ ഒഴിവാക്കിയത് ആരാധകര്‍ക്ക് അമ്പരപ്പുണ്ടാക്കി. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കായി സീനിയര്‍ ടീമില്‍ താരത്തെ പരിഗണിക്കുമെന്നായി പിന്നീടുള്ള സൂചനകള്‍. ആ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ തകിടംമറിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് പാണ്ഡ്യയുടെ പരിക്ക് ടീമിനെ അലട്ടുന്നത്. പാണ്ഡ്യക്ക് പകരക്കാരനായി ഓള്‍റൗണ്ടര്‍മാരെ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ഹാര്‍ദിക് പാണ്ഡ്യക്ക് തുടര്‍ന്നുള്ള പരമ്പരകള്‍ നഷ്‌ടമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാണ്ഡ‍്യ അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. തുടര്‍ന്ന് പ്രോട്ടീസിന് എതിരായ ടെസ്റ്റുകളും ബംഗ്ലാദേശ്- ലങ്കന്‍- ഓസ്‌ട്രേലിയന്‍ പരമ്പരകളും താരത്തിന് നഷ്‌ടമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!