'സമര്‍ത്ഥനായ ക്രിക്കറ്റര്‍'; ടി20 പരമ്പരയ്‌ക്ക് മുന്‍പ് വില്യംസണെ വാഴ്‌ത്തി കോലി

By Web TeamFirst Published Jan 23, 2020, 2:38 PM IST
Highlights

ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ കുറിച്ച് വിരാട് കോലിക്ക് പറയാനുള്ളത് നല്ല കാര്യങ്ങള്‍ മാത്രം

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര വെള്ളിയാഴ്‌ച തുടങ്ങാനിരിക്കേ എതിര്‍ ടീം നായകന്‍ കെയ്‌ന്‍ വില്യംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമര്‍ത്ഥനായ താരം എന്നാണ് കെയ്‌നെ കോലി വിശേഷിപ്പിക്കുന്നത്. 

'മത്സരഫലങ്ങള്‍ കൊണ്ടാണ് നായകത്വം എപ്പോഴും അളക്കേണ്ടത് എന്ന് വിശ്വസിക്കുന്നില്ല. ടീമിനെ ഒത്തൊരുമയില്‍ കൊണ്ടുവരികയും നായകന് കീഴില്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും ഘടകമാണ്. ഇക്കാര്യത്തില്‍ കെയ്‌ന്‍ വില്യംസണ്‍ അവിസ്‌മരണീയ മികവാണ് കാട്ടുന്നത്. സഹതാരങ്ങളെ ബഹുമാനിക്കുന്ന, അവരില്‍ വിശ്വാസമര്‍പ്പിക്കുന്ന നായകനാണ് കെയ്‌ന്‍. അദേഹം കാര്യക്ഷമതയുള്ള കളിക്കാരനാണെന്നും' കോലി വ്യക്തമാക്കി. 

'ഒന്നും എന്‍റെ മാത്രം മികവല്ല': വില്യംസണ്‍

പ്രതിഭാശാലികളായ ഒരുകൂട്ടം താരങ്ങളെ നയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട് എന്നാണ് കെയ്‌ന്‍ വില്യംസണിന്‍റെ പ്രതികരണം. ഒരേ ലക്ഷ്യമാണ് ടീമിനെ മുന്നോട്ടുനയിക്കുന്നത്. ഞാന്‍ മാത്രമല്ല ടീമിനെ നയിക്കാന്‍ പരിശ്രമിക്കുന്നത്. മറ്റ് സീനിയര്‍ താരങ്ങള്‍, ചില യുവതാരങ്ങള്‍ എല്ലാം ടീമിന് പ്രചോദനമാകുന്നുണ്ട്. ലീഡര്‍ഷിപ്പ് എന്നത് സംഘടിത പ്രക്രിയയാണ്. ടീമിനെയും സ്വയം തിരിച്ചറിയാനും ക്യാപ്റ്റന്‍സി ഉപകരിക്കുന്നതായും വില്യംസണ്‍ പറഞ്ഞു. 

കഴിഞ്ഞ തവണ ടീം ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ഏകദിന പരമ്പര കൈവിട്ടതിനെ കുറിച്ച് വില്യംസണ്‍ പറയുന്നതിങ്ങനെ. 'ആ സമയം ഒട്ടേറെ പ്രതിസന്ധികള്‍ ടീമിനെ അലട്ടിയിരുന്നതായി നിസംശയം പറയാം. ഇപ്പോഴുമുണ്ട് ചില ആകുലതകള്‍. എപ്പോഴും പ്രതിസന്ധികളുമായി പോരടിക്കേണ്ടിവരും. അത് ഈ ജോലിയുടെ ഭാഗമാണ്. എന്നാല്‍ ടീമിനെ വളര്‍ത്തുക, കൃത്യമായ പാതയില്‍ നയിക്കുക എന്നതിനാണ് പരിഗണന'- കെയ്‌ന്‍ വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ് 

കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി. 

click me!