കോലിക്ക് ഇരട്ടി തലവേദന; ന്യൂസിലന്‍ഡില്‍ ജയിച്ചാല്‍ മാത്രം പോരാ...ആ നാണക്കേടും മാറ്റണം

By Web TeamFirst Published Jan 22, 2020, 8:24 PM IST
Highlights

ടി20യില്‍ ഇതുവരെ 12 തവണയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. കിവികള്‍ എട്ട് തവണ വിജയിച്ചപ്പോള്‍ ഇന്ത്യ പുഞ്ചിരിച്ചത് മൂന്ന് മത്സരങ്ങളില്‍ മാത്രം.

ഓക്‌ലന്‍ഡ്: ലോകത്ത് മറ്റ് ഏത് എതിരാളിയും പോലെയല്ല ടീം ഇന്ത്യക്ക് കിവികള്‍. ന്യൂസിലന്‍ഡില്‍ അവരെ കീഴടക്കുക അതികഠിനം, പ്രത്യേകിച്ച് ടി20യില്‍. അതുകൊണ്ടുതന്നെ നാണക്കേടിന്‍റെ ചരിത്രങ്ങള്‍ തിരുത്താനാണ് വിരാട് കോലിയും സംഘവും ടി20 പരമ്പരയ്‌ക്കിറങ്ങുന്നത്. 

ടി20യില്‍ ഇതുവരെ 12 തവണയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. കിവികള്‍ എട്ട് തവണ വിജയിച്ചപ്പോള്‍ ഇന്ത്യ പുഞ്ചിരിച്ചത് മൂന്ന് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു. കിവിസിനെതിരെ ഒരു ജയം നേടാന്‍ ഏഴാം മത്സരം വരെ കാത്തിരിക്കേണ്ടിവന്നു ടീം ഇന്ത്യക്ക് എന്നത് മറ്റൊരു അപവാദം. സ്വന്തം മണ്ണിലായിരുന്നു ഈ ജയം. അതായത്, കണക്കുകള്‍ പരിശോധിച്ചാല്‍ ടി20യില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം ഉയരത്തിലാണ് കിവികള്‍. 

ഇതിലും വലിയ നാണക്കേടോ? ഉണ്ട്

ഇതിനേക്കാളൊക്കെ ഇന്ത്യക്ക് നാണക്കേട് സൃഷ്‌ടിക്കുന്നത് മറ്റൊന്നാണ്. കിവികളുടെ നാട്ടില്‍ ഇതുവരെ ടി20 പരമ്പര ജയിക്കാന്‍ നീലപ്പടയ്‌ക്കായിട്ടില്ല. മുന്‍പ് രണ്ടു തവണ സന്ദര്‍ശനം നടത്തിയപ്പോഴും(2009, 2019) തലതാഴ്‌ത്തി ഇന്ത്യന്‍ സംഘം മടങ്ങി. 2009ല്‍ ക്രൈസ്‌റ്റ് ചര്‍ച്ചില്‍ ഏഴ് വിക്കറ്റിനും വെല്ലിങ്‌ടണില്‍ അഞ്ച് വിക്കറ്റിനും ജയിച്ച് ന്യൂസിലന്‍ഡ് 2-0ന് പരമ്പര തൂത്തുവാരി. 2019ല്‍ വെല്ലിംങ്‌ടണില്‍ 80 റണ്‍സിനും ഹാമില്‍ട്ടണില്‍ നാല് റണ്‍സിനും ജയിച്ചപ്പോള്‍ ഓക്‌ലന്‍ഡില്‍ ഏഴ് വിക്കറ്റിന് തോറ്റു ആതിഥേയര്‍. അപ്പോഴും പരമ്പര ന്യൂസിലന്‍ഡിന്(2-1). 

ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ടീമിന്‍റെ ഏറ്റവും മോശം വിജയശരാശരിയാണ് ടീം ഇന്ത്യടേത്. 0.375 മാത്രമാണ് ഇന്ത്യക്കുള്ളത്. ടെസ്റ്റില്‍ 2.1ഉം ഏകദിനത്തില്‍ 1.195 ഉള്ളപ്പോഴാണിത്. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

click me!