ന്യൂസിലന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീമിന് ഇരട്ട പ്രഹരം; ധവാന് പിന്നാലെ സ്റ്റാര്‍ പേസര്‍ക്കും പരിക്ക്

By Web TeamFirst Published Jan 20, 2020, 6:30 PM IST
Highlights

രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ദില്ലി താരത്തിന് കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായ പേസര്‍ കളിക്കുമോ എന്ന കാര്യം ഇതോടെ സംശയത്തിലായി.

ദില്ലി: ന്യൂസിലന്‍ഡ് പര്യടനത്തിന് മുന്‍പ് ടീം ഇന്ത്യക്ക് ആശങ്കയായി പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് പരിക്ക്. രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ദില്ലി താരത്തിന് കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായ പേസര്‍ കളിക്കുമോ ന്യൂസിലന്‍ഡില്‍ എന്ന കാര്യം ഇതോടെ സംശയത്തിലായി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെയാണ് ഇശാന്തിനെയും പരിക്ക് പിടികൂടിയിരിക്കുന്നത്. 

ന്യൂസിലന്‍ഡിനെ വിറപ്പിക്കാന്‍ ഇശാന്തില്ല?

വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലാണ് ഇശാന്തിന് പരിക്കേറ്റത്. ഇന്നിംഗ്‌സില്‍ ഇശാന്തിന്‍റെ മൂന്നാം ഓവര്‍ കൂടിയായിരുന്നു ഇത്. തെന്നിവീണ ഇശാന്ത് സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തുപോയത്. വിര്‍ഭയുടെ ആദ്യ ഇന്നിംഗ്‌സില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയിരുന്നു താരം. 

'ഇശാന്തിന്‍റെ കാല്‍ക്കഴയ്‌ക്ക് പരിക്കേറ്റു, നീരുണ്ട്. ഈ മത്സരത്തില്‍ വീണ്ടും കളിപ്പിച്ച് സാഹസികത കാട്ടാന്‍ ഒരുക്കമല്ല. കാലിന് പൊട്ടലില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. നീര് മാത്രമാണുള്ളതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭേദപ്പെടും. കായികക്ഷമത വീണ്ടെടുക്കുന്നതിനായി ഇശാന്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകും' എന്നും ദില്ലി ടീം പ്രതിനിധി പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.

ഇന്ത്യക്കായി 96 ടെസ്റ്റുകള്‍ കളിച്ചുപരിചയമുള്ള ഇശാന്ത് ന്യൂസിലന്‍ഡിലേക്കുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂസിലന്‍ഡില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം കളിക്കുക. ആദ്യ മത്സരം ഫെബ്രുവരി 21 മുതല്‍ 25 വരെയും രണ്ടാം ടെസ്റ്റ് 29 മുതല്‍ മാര്‍ച്ച് നാല് വരെയും നടക്കും.  

ആശങ്കയായി ധവാന്‍റെ പരിക്കും

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിനിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരം പിന്നീട് ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ ധവാന് നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.

 
 

click me!