ഞാൻ എപ്പോഴും വർത്തമാനകാലത്ത് ജീവിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളിൽ എനിക്ക് ഒന്നും ചെയ്യാനാവില്ല.
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിലെ മിന്നും പ്രകടനത്തിന് ശേഷം ടീമിന് പുറത്തായെങ്കിലും തളരാതെ മുന്നോട്ട് പോകാനുറച്ച് യുവതാരം സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തകർപ്പൻ ഫോമിൽ തുടരുന്ന സർഫറാസ്, തന്‍റെ കരിയറിനെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സ് തുറന്നു.
ഞാൻ എപ്പോഴും വർത്തമാനകാലത്ത് ജീവിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളിൽ എനിക്ക് ഒന്നും ചെയ്യാനാവില്ല. നാളെ എന്ത് സംഭവിക്കുമെന്നും അറിയില്ല. ഇപ്പോൾ എന്‍റെ മുന്നിലുള്ളത് നാളത്തെ മത്സരമാണ്. വർഷങ്ങളായി ഞാൻ എന്ത് ചെയ്തുവോ അത് തുടർന്നും ചെയ്യും. നിലവിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് സർഫറാസ് ആഗ്രഹിക്കുന്നത്. ഇതിനായി തന്‍റെ വൈറ്റ് ബോൾ ഗെയിമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് സര്‍ഫറാസ് വ്യക്തമാക്കി. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ ഇരട്ട സെഞ്ചുറി നേടി തകർപ്പൻ ഫോമിലാണ് താരം ഇപ്പോൾ.
2026 ഐപിഎൽ ലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് സർഫറാസ്. ഇതിഹാസ താരം എം.എസ്. ധോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.വിരാട് ഭായിക്കൊപ്പം ആർസിബിയിലും രോഹിത് ഭായിക്കൊപ്പം ഇന്ത്യൻ ടീമിലും കളിക്കാൻ കഴിഞ്ഞു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ അദ്ദേഹത്തോടൊപ്പം കളിക്കാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ സിഎസ്കെ എന്നെ തിരഞ്ഞെടുത്തതോടെ ആ സ്വപ്നവും യാഥാർത്ഥ്യമാവുകയാണ്," സർഫറാസ് കൂട്ടിച്ചേർത്തു.
2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറി (62, 68*) നേടി സുനിൽ ഗവാസ്കറുടെ റെക്കോർഡിനൊപ്പമെത്തിയാണ് സർഫറാസ് വരവറിയിച്ചത്. പിന്നീട് ശുഭ്മൻ ഗില്ലിന് പരിക്കേറ്റപ്പോൾ ന്യൂസിലൻഡിനെതിരെ ബെംഗളൂരു ടെസ്റ്റിൽ നേടിയ 150 റൺസ് താരത്തിന്‍റെ കരിയറിലെ നാഴികക്കല്ലായി. എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിലെ മോശം സ്കോറുകളും ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാത്തതും താരത്തിന് തിരിച്ചടിയായി.
മുഷീർ ഒരുനാൾ ഇന്ത്യൻ ടീമിനെ നയിക്കും
തന്‍റെ സഹോദരൻ മുഷീർ ഖാന്‍റെ നേതൃപാടവത്തെക്കുറിച്ചും സര്‍ഫറാസ് വാചാലനായി. മുഷീറിന് മികച്ച നേതൃപാടവമുണ്ടെന്നും ഭാവിയിൽ താരം ഇന്ത്യൻ ടീമിനെ നയിക്കുമെന്നും സർഫറാസ് പറഞ്ഞു. മുഷീർ ഒരുനാൾ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാകും. അവൻ ഇപ്പോഴും ചെറുപ്പമാണ്, മൂന്ന് ഫോർമാറ്റിലും കളിക്കാൻ അവന് സാധിക്കും- സർഫറാസ് പറഞ്ഞു.
