ത്രസിപ്പിക്കുന്ന ജയങ്ങള്‍ക്കിടയില്‍ ടീം ഇന്ത്യക്ക് പ്രഹരം; പിഴശിക്ഷയുമായി ഐസിസി

By Web TeamFirst Published Feb 2, 2020, 9:34 AM IST
Highlights

ടീം ഇന്ത്യക്ക് ഐസിസിയുടെ പിഴശിക്ഷ. ടീമംഗങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴയാണ് വിധിച്ചിരിക്കുന്നത്

ബേ ഓവല്‍: വെല്ലിംഗ്‌ടണില്‍ നടന്ന ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി20യിലെ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യക്ക് ഐസിസിയുടെ പിഴശിക്ഷ. ടീമംഗങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴയാണ് വിധിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് ഇന്ത്യ രണ്ട് ഓവർ കുറച്ച് എറിഞ്ഞതിനാണ് നടപടി. 

ഫീൽഡ് അംപയർമാരായ ക്രിസ് ബ്രൗൺ, ഷോൺ ഹെയ്ഗ്, തേഡ് അംപയർ ആഷ്‌ലി മെഹ്റോത്ര എന്നിവരാണ് ഇന്ത്യൻ ടീമിനുമേൽ കുറ്റം ചാർത്തിയത്. മാച്ച് റഫറി ക്രിസ് ബ്രോഡ് ഇത് അംഗീകരിച്ചു. 20 ഓവർ എറിഞ്ഞുതീർക്കേണ്ട സമയത്ത് ഇന്ത്യയ്‌ക്ക് പൂർത്തിയാക്കാനായത് 18 ഓവറുകൾ മാത്രമായിരുന്നു. ഐസിസിയുടെ നിയമമനുസരിച്ച് കുറഞ്ഞ ഓവർനിരക്കിന് ഒരു ഓവറിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയൊടുക്കേണ്ടത്. ഇന്ത്യ രണ്ട് ഓവർ പിന്നിലായിരുന്നതിനാൽ മാച്ച് ഫീയുടെ 40 ശതമാനം പിഴയായി നൽകണം. 

പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു

അതേസമയം ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. ബേ ഓവലിലും ഇന്ത്യ ടീമിലെ പരീക്ഷണം തുടരും. ക്യാപ്റ്റൻ വിരാട് കോലിക്കും തകർപ്പൻ ഫോമിലുള്ള കെ എൽ രാഹുലിനും വിശ്രമം നൽകാനാണ് ആലോചന. ഇതോടെ കോലിക്ക് പകരം ക്യാപ്റ്റനായി തിരിച്ചെത്തുന്ന രോഹിത് ശർമ്മ സഞ്ജു സാംസണൊപ്പം ഓപ്പണറാവും. 

Read more: ടി20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ; സഞ്ജു തുടരും; ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

click me!