ക്രിക്കറ്റ് ലോകത്ത് സ്പോര്‍ട്ട്‌സ്‌മാൻ സ്പിരിറ്റും ഗെയിം അവയര്‍നസും തമ്മിലൊരു യുദ്ധം നടക്കുകയാണ്. കാരണം പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സല്‍മാൻ അലി അഗയുടെ റണ്ണൗട്ട്
ക്രിക്കറ്റ് ലോകത്ത് സ്പോര്‍ട്ട്‌സ്‌മാൻ സ്പിരിറ്റും ഗെയിം അവയര്‍നസും തമ്മിലൊരു യുദ്ധം നടക്കുകയാണ്, പലകുറി സംഭവിച്ചതിന്റെ പുതിയൊരു അദ്ധ്യായം. കാരണം പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സല്‍മാൻ അലി അഗയുടെ റണ്ണൗട്ട്, പിന്നില്‍ മെഹിദി ഹസൻ മിറാസ്. മെഹിദിയുടെ ഇടപെടല്‍ മൈതാനത്തെ മാന്യതയ്ക്ക് യോജിച്ചതായിരുന്നോ, കളിയിലെ അശ്രദ്ധയാണോ സല്‍മാൻ അലി അഗയുടെ പുറത്താകലിന് കാരണമായത്.
ആദ്യ കളിയിലേക്ക് വരാം, ശേഷം കാര്യത്തിലേക്ക്. പാക്കിസ്ഥാൻ ഇന്നിങ്സിലെ 39-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സ്ട്രൈക്കില്‍ മുഹമ്മദ് റിസ്വാൻ, നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ സല്‍മാൻ അലി അഗ. പന്തെറിയുന്നത് മെഹിദി ഹസനും.
ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ബോള്‍ ലോങ് ഓണിലേക്ക് തിരിച്ചുവിടാനുള്ള റിസ്വാന്റെ ശ്രമം. നോണ്‍ സ്ട്രൈക്കര്‍ എൻഡ് വിട്ടിറങ്ങിയ സല്‍മാൻ അലി അഗയുടെ നേര്‍ക്കാണ് പന്തെത്തുന്നത്, മെഹിദിയുടെ വലതുവശത്തേക്ക്. സല്‍മാന്റെ പിന്നില്‍ നിന്ന് പന്തിനെ കാലുപയോഗിച്ച് തടയുകയാണ് മെഹിദി. ഇരുവരുടേയും ശരീരങ്ങള്‍ ചെറുതായൊന്ന് ഇവിടെ കൂട്ടിയിടിക്കുകയും ചെയ്തു.
പന്തിന്റെ മൂവ്മെന്റ് നിലയ്ക്കുന്നു. പിന്നാലെ സല്‍മാൻ പന്തെടുക്കാനുള്ള ശ്രമം നടത്തി. മെഹിദിക്ക് പന്ത് തിരികെ നല്‍കാനായിരുന്നു സല്‍മാന്റെ പദ്ധതി.എന്നാല്‍, മെഹിദി ഈ സമയം പന്ത് കൈക്കലാക്കി നോണ്‍ സ്ട്രൈക്കര്‍ എൻഡിലെ സ്റ്റമ്പിലേക്ക് എറിഞ്ഞു, റണ്ണൗട്ടിനായി അപ്പീലും ചെയ്തു.
ഓണ്‍ഫീല്‍ഡ് അമ്പയറായ തൻവീര്‍ അഹമ്മദ് തേഡ് അമ്പയറിലേക്ക് അപ്പീല്‍ കൈമാറി. തേഡ് അമ്പയറായ കുമാര്‍ ധര്‍മസേന റണ്ണൗട്ട് ശരിവെച്ചു. ശേഷം മൈതാനത്ത് കണ്ടത് ക്ഷുഭിതനായ സല്‍മാനെ ആയിരുന്നു. തന്റെ ഹെല്‍മെറ്റും ഗ്ലൗവും സല്‍മാൻ വലിച്ചെറിഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പാക് നായകൻ 62 പന്തില്‍ 64 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു സംഭവം.
മത്സരശേഷം മെഹിദിയെ സ്പോര്‍ട്ട്സ്മാൻ സ്പിരിറ്റിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന സല്‍മാനെയായിരുന്നു കണ്ടത്. സ്പോര്‍ട്ട്സ്മാൻ സ്പിരിറ്റ് എന്നൊന്നുണ്ട്. മെഹിദി ചെയ്തത് നിയമത്തില്‍ പറയുന്നതാണ്, അത് ശരിയാണെന്നാണ് മെഹിദി വിശ്വസിക്കുന്നതെങ്കില്‍ അങ്ങനെയാകട്ടെ. പക്ഷേ, ഞാനായിരുന്നെങ്കില്‍ മറിച്ചാകുമായിരുന്നു ചെയ്യുക. ഞാൻ സ്പോര്‍ട്ട്സ്മാൻ സ്പിരിറ്റിന് മുൻതൂക്കം നല്‍കുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ മുൻപ് ചെയ്തിട്ടില്ല, ഇനി ഭാവിയിലും ചെയ്യില്ല, സല്‍മാൻ പറഞ്ഞു നിര്‍ത്തി.
ഇവിടെ സല്‍മാന്റെ വിക്കറ്റിലേക്ക് നയിച്ചത് മെഹിദിയുടെ ഗെയിം അവയര്‍നസായിരുന്നു. പന്ത് ഡെഡ് ആയെന്ന് കരുതിയായിരുന്നു സല്‍മാന്റെ ഇടപെടലുണ്ടായിരുന്നത്. എങ്കിലും ക്രീസില്‍ മടങ്ങിയെത്താതെ പന്ത് എടുത്ത് നല്‍കേണ്ട ആവശ്യകത പാക് നായകനുണ്ടായിരുന്നോയെന്ന ചോദ്യം ഇവിടെയുണ്ട്. മെഹിദിയുടെ അതിവേഗ നീക്കം റണ്ണൗട്ടിനും കാരണമായി.
ഒരു ബാറ്ററെന്ന നിലയില്‍ ക്രീസിലേക്ക് തിരിച്ചെത്താതെ പന്ത് ബൗളര്‍ക്ക് കൈമാറാൻ ഒരുങ്ങിയ സല്‍മാൻ സ്വയം അവസരം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. സല്‍മാന്റെ അശ്രദ്ധയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കാനുണ്ട്. മെഹിദിയുടെ ത്രൊ സ്റ്റമ്പില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ക്കൂടി സല്‍മാനെ പുറത്താക്കാനുള്ള വഴി ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്നു.
എംസിസി ലോ 37.4 പ്രകാരമാണിത്. ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡ്. ബോള്‍ പ്ലെയില്‍ തുടരുന്ന സമയത്ത് എതിര്‍ ടീമിന്റെ അനുവാദമില്ലാതെ ബാറ്റോ തന്റെ ശരീരമോ ഉപയോഗിച്ച് ഏതെങ്കിലും ഫീല്‍ഡര്‍ക്ക് പന്ത് തിരികെ നല്‍കിയാല്‍ ഫില്‍ഡ് തടസപ്പെടുത്തിയതിന്റെ പേരില്‍ ബാറ്റര്‍ പുറത്താക്കപ്പെടും. മനപ്പൂര്‍വമല്ലാതെയും പരുക്കു പറ്റാൻ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലും പന്ത് തടയുന്നത് പുറത്താക്കലിന് കാരണമാകുകയുമില്ല.
ഇവിടെ ബംഗ്ലാദേശ് താരങ്ങളുടെ അനുവാദമില്ലാതെയാണ് സല്‍മാൻ പന്ത് എടുക്കാനുള്ള ശ്രമം നടത്തിയത്. അതുകൊണ്ട് തന്നെ ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡ് നിയമപ്രകാരം അപ്പീല്‍ ചെയ്യാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. മെഹിദിയുടെ തന്ത്രപരമായ ഇടപെടലാണ് ഇതിന് മുൻപ് തന്നെ സല്‍മാനെ പുറത്താക്കാൻ കാരണമായത്.
സല്‍മാന്റെ അശ്രദ്ധയ്ക്ക് വിമര്‍ശനം ഉയരുമ്പോള്‍ മെഹിദിയേയും വിടാൻ മുൻതാരങ്ങള്‍ തയാറായിട്ടില്ല. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉള്‍പ്പെടെ മെഹിദിയുടെ പ്രവൃത്തിക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ലോകകിരീടം നേടാനുള്ള അവസരമുണ്ടെങ്കില്‍പ്പോലും മെഹിദിയുടെ വഴി സ്വീകരിക്കരുതെന്നായിരുന്നു കൈഫിന്റെ ഉപദേശം.
ഒരു നാണയത്തിന് ഇരുവശമുണ്ടെന്ന് പറയുന്നതുപോലെ, മെഹിദിയുടെ ഇടപെടല്‍ ബ്രില്യൻസിന്റേയും ഗെയിം അവയര്‍നസിന്റേയും ഉദാഹരണമായും കണക്കാക്കാനാകും. സല്‍മാൻ സ്പോര്‍ട്ട്സ്മാൻ സ്പിരിറ്റിനെ മുൻനിര്‍ത്തുമ്പോള്‍, ക്രീസില്‍ മടങ്ങിയെത്താനുള്ള ശ്രമം എന്തുകൊണ്ട് നടത്തിയില്ല എന്ന വലിയ ചോദ്യവും അവശേഷിക്കുന്നു.


