
ദില്ലി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക്(India v South Africa) 212 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്‍റെയും(Ishan Kishan) വൈസ് ഹാര്‍ദ്ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 31റണ്‍സെടുത്തു.
പവറോടെ തുടക്കം
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഗെയ്ക്‌വാഗിനെ(16 പന്തില്‍ 23) വെയ്ന്‍ പാര്‍ണല്‍ മടക്കി ദക്ഷിണാഫ്രിക്കക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 80 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചു. കേശവ് മഹാരാജിനെ സിക്സിന് പറത്തി 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ അനിതുശേഷം 11 പന്തില്‍ 28 റണ്‍സടിച്ചു. പതിമൂന്നാം ഓവറില്‍ കേശവ് മഹാരാജിനെതിരെ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 20 റണ്‍സടിച്ച കിഷനെ അതേ ഓവറില്‍ മഹാരാജ് മടക്കി.
പാണ്ഡ്യ പവര്‍, പന്താട്ടം
പതിനേഴാം ഓവറില്‍ ശ്രേയസ് അയ്യരെ(27 പന്തില്‍ 36) വീഴ്ത്തി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായിറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പിന്നീട് ക്രീസിലെത്തിയത്. പാണ്ഡ്യയും റിഷഭ് പന്തും അവസാന ഓവറില്‍ വെടിക്കെട്ടുമായി തകര്‍ത്തടിച്ചതോടെ ഇന്ത്യ പത്തൊമ്പതാം ഓവറില്‍ 200 കടന്നു. അവസാന നാലോവറില്‍ 55 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇരുപതാം ഓവറിലെ അവസാന പന്തില്‍ പന്ത്(16 പന്തില്‍ 29) വീണെങ്കിലും ഒരു സിക്സ് കൂടി പറത്തി പാണ്ഡ്യ ഇന്ത്യയെ 211ല്‍ എത്തിച്ചു. ഒരു റണ്ണുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു. .നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.