
ബംഗലൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.
ലോകകപ്പിന് മുമ്പ് അവസാന പരീക്ഷണം
ആദ്യ രണ്ട് ടി20 മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം ടി20യില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ലോകകപ്പിന് മുമ്പ് മികവ് കാട്ടാന്‍ കിട്ടുന്ന അവസാന അവസരത്തിനായുള്ള കാത്തിരിപ്പിലാണ്. സഞ്ജുവിന് പകരം ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ജിതേഷ് ശര്‍മ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം ടി20യില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതും സഞ്ജുവിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരം എന്ന നിലയില്‍ ലോകകപ്പിന് മുമ്പ് മികച്ചൊരു ഇന്നിംഗ്സിലൂടെ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യത കൂട്ടാനാവും താരങ്ങളുടെ ശ്രമം.
ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. രോഹിത്തിനൊപ്പം ഓപ്പണറായി ഗില്‍ എത്തുമോ യശസ്വി തുടരുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയിലൂടെ ലോകകപ്പ് ടീമില്‍ യശസ്വി സ്ഥാനം ഉറപ്പിച്ചതിനാല്‍ ഗില്ലിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
മൂന്നാം നമ്പറില്‍ വിരാട് കോലി തുടരുമെന്നതില്‍ സംശയമില്ല. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ ടി20 കളിച്ച കോലി 29 റണ്‍സെടുത്തിരുന്നു. നാലാമനായി തിലക് വര്‍മയെ പരീക്ഷിച്ചേക്കും. അഞ്ചാമനായിട്ടായിരിക്കും സഞ്ജു ഇറങ്ങുക. പിന്നാലെ റിങ്കു സിംഗ് കളിക്കും. അക്‌സര്‍ പട്ടേലിനും സ്ഥാനമുറപ്പാണ്. വാഷിംഗ്ടണ്‍ സുന്ദറിനേയും മാറ്റാന്‍ ഇടയില്ല. എന്നാല്‍ രവി ബിഷ്‌ണോയിക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. മുകേഷ് കുമാറിന് പകരം ആവേശ് ഖാനും ടീമിലെത്തിയേക്കും. മറ്റൊരു പേസര്‍ അര്‍ഷ്ദീപ് സിംഗും ടീമിലുണ്ടാവും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യഷസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!