സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. റെയില്‍വേസിനോട് 131 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. 

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. റെയില്‍വേസ് 131 റണ്‍സിനാണ് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 268 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസിന് ഷിപ്ര ഗിരിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 12 റണ്‍സെടുത്ത ഓപ്പണര്‍ ഝാന്‍സി ലക്ഷ്മിയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഷിപ്രയും നസ്ഹത് പര്‍വീണും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സ് പിറന്നു.

35 റണ്‍സെടുത്ത നസ്ഹത്തിനെയും ആരുഷി ഗോയലിനെയും എസ്. ആശ ഒരേ ഓവറില്‍ പുറത്താക്കിയത് കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഷിപ്രയും ഭാവന ഗോപ്ലാനിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കളി വീണ്ടും റെയില്‍വേസിന്റെ നിയന്ത്രണത്തിലാക്കി. ഇരുവരും ചേര്‍ന്ന് 113 പന്തുകളില്‍ 136 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഭാവന 68 റണ്‍സും ഷിപ്ര 118 റണ്‍സും നേടി. 114 പന്തുകളില്‍ 16 ബൗണ്ടറികളടക്കമാണ് ഷിപ്ര 118 റണ്‍സ് നേടിയത്. കേരളത്തിന് വേണ്ടി എസ്. ആശ മൂന്നും മൃദുല വി.എസ്, സജന സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ ടി. ഷാനിയും അക്ഷയയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അക്ഷയ 29-ഉം ഷാനി 46 റണ്‍സും നേടി മടങ്ങി. എന്നാല്‍ പിന്നീടെത്തിയ ബാറ്റര്‍മാര്‍ കൂട്ടത്തോടെ പരാജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. സജന സജീവന്‍ പത്തും നജ്‌ല സി.എം.സി 12-ഉം വൈഷ്ണ എം.പി 15-ഉം റണ്‍സ് നേടി മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. എസ്.പി. ഐഷ് മൂന്നും ഏക്ത ബിഷ്ട് രണ്ടും വിക്കറ്റുകള്‍ നേടി.

YouTube video player