ആദ്യ ഏകദിനം ഇന്ന്; ഇന്ത്യക്ക് ആശങ്കയായി സൂപ്പര്‍ താരത്തിന്‍റെ പരിക്ക്

By Web TeamFirst Published Mar 2, 2019, 9:02 AM IST
Highlights

ഹൈദരാബാദിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. പരിശീലനത്തിനിടെ പരുക്കേറ്റ എം എസ് ധോണി ഇന്ന് കളിച്ചേക്കില്ല. അങ്ങനെയെങ്കിൽ റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പർ. 

ഹൈദരാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. ട്വന്‍റി 20 പരമ്പരയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ജൈത്രയാത്ര ഏകദിനത്തിലേക്കും നീട്ടാനാണ് ഓസ്ട്രേലിയ തയ്യാറെടുക്കുന്നത്. 

ബാറ്റിംഗിൽ രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോലി എന്നിവരുടെ പ്രകടനമാവും ഇന്ത്യക്ക് നിർണായകമാവുക. പരിശീലനത്തിനിടെ പരുക്കേറ്റ എം എസ് ധോണി ഇന്ന് കളിച്ചേക്കില്ല. അങ്ങനെയെങ്കിൽ റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പർ. ബൗളിംഗിൽ കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ സഖ്യമാവും ഓസീസിന് ഭീഷണിയാവുക. ഇരുവരും 27 കളിയിൽനിന്ന 101 വിക്കറ്റ് നേടിക്കഴിഞ്ഞു. ജസ്പ്രീത് ബുംറ തിരിച്ചെത്തിയതും ബൗളിംഗ് കരുത്ത് കൂട്ടും. 

ലോകകപ്പിനുള്ള അവസാന ടീമിനെ കണ്ടെത്താൻ ടീം ഇന്ത്യയുടെ അവസാന അവസരമാണിത്. ഇതുകൊണ്ടുതന്നെ റിഷഭ് പന്ത് , വിജയ് ശങ്കർ, കെ എൽ രാഹുൽ, സിദ്ധാർഥ് കൗൾ എന്നിവർക്ക് നിണായകമാണ് പരമ്പര. ട്വന്‍റി 20 പരമ്പരയിൽ തകർത്തടിച്ച ഗ്ലെൻ മാക്സ്‍വെല്ലിന്‍റെ ബാറ്റിനെയാണ് ഓസീസ് ഉറ്റുനോക്കുന്നത്. ആരോൺ ഫിഞ്ച്, മാർകസ് സ്റ്റോയിനിസ് , ഷോൺ മാർഷ് എന്നിവരിലും ബാറ്റിംഗ് പ്രതീക്ഷ. ആഡം സാപംയ്ക്കൊപ്പം നേഥൻ ലയൺ എത്തിയത് സ്‌പിൻ കരുത്ത്കൂട്ടും. പരിക്കേറ്റ പേസർ കെയ്ൻ റിച്ചാർഡ്സണ് പകരം ആൻഡ്രു ടൈ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. 

click me!