രണ്ടുംകല്‍പിച്ച് കോലിപ്പട; രാജ്‌കോട്ടില്‍ ജീവന്‍മരണ പോരാട്ടം; ടീമില്‍ മാറ്റമുറപ്പ്

By Web TeamFirst Published Jan 17, 2020, 8:28 AM IST
Highlights

ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പര നഷ്‌ടത്തിന് മുന്നിൽ നിൽക്കുന്ന കോലിപ്പടയ്‌ക്ക് ബാറ്റിംഗിലും ബൗളിംഗിലും തലവേദനകള്‍ ഏറെ
 

രാ‌ജ്‌കോട്ട്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നിര്‍ണായക രണ്ടാം ഏകദിനം ഇന്ന് നടക്കും. രാജ്കോട്ടിൽ ഉച്ചയ്‌ക്ക് 1.30ന് മത്സരം തുടങ്ങും. വാംഖഡേയിൽ മുഖമടച്ചേറ്റ അടിക്ക് പകരം വീട്ടാനാണ് ടീം ഇന്ത്യ രാജ്കോട്ടിൽ ഇറങ്ങുന്നത്. 

ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പര നഷ്‌ടത്തിന് മുന്നിൽ നിൽക്കുന്ന കോലിപ്പടയ്‌ക്ക് ബാറ്റിംഗിലും ബൗളിംഗിലും തലവേദനകള്‍ ഏറെ. എന്നാൽ ടോസ് ലഭിക്കുകയും രോഹിത് ശര്‍മ്മയോ നായകനോ ഒരു വലിയ ഇന്നിംഗ്സ് കളിക്കുകയും ചെയ്‌താൽ തീരാവുന്ന പ്രശ്‌നങ്ങളേ ഇപ്പോഴുമുള്ളൂ എന്നാകും ആരാധകരുടെ കണക്കുട്ടൽ. പിഴച്ചെന്ന് നായകന്‍ തന്നെ സമ്മതിച്ച പരീക്ഷണത്തിനൊടുവിൽ മൂന്നാം നമ്പറിലേക്ക് കോലിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാം. 

ജയിക്കാതെ വഴിയില്ല; ടീം സാധ്യതകള്‍

ഋഷഭ് പന്തിന്‍റെ അഭാവത്തിൽ വിക്കറ്റ് കാക്കുക കെ എൽ രാഹുല്‍. പാര്‍ട്ട് ടൈം ബൗളറെന്ന ആനൂകൂല്യത്തിൽ കേദാര്‍ ജാദവ്, മനീഷ് പാണ്ഡേയെ പിന്തള്ളി പന്തിന്‍റെ പകരക്കാരനാകാനും സാധ്യതയേറെ. ഡേവിഡ് വാര്‍ണറിനും ആരോണ്‍ ഫിഞ്ചിനും മുന്നിൽ മുംബൈയിൽ ശാര്‍ദുൽ താക്കൂറിന്‍റെ പന്തുകള്‍ക്ക് വേഗം പോരെന്ന തോന്നൽ ഉണ്ടായതിനാല്‍ നവ് ദീപ് സൈനിക്ക് സാധ്യത ഉണ്ട്.

ഏതെങ്കിലുമൊരു പേസര്‍ക്ക് വിശ്രമം നൽകി ജോഷ് ഹെയ്സൽവുഡിനെ പരീക്ഷിക്കുന്നതൊഴിച്ചാൽ ഓസ്‌ട്രേലിയന്‍ നിരയിൽ വലിയ അഴിച്ചുപണി പ്രതീക്ഷിക്കേണ്ട. മുബൈയിലേതിനേക്കാളും ബാറ്റിംഗിനെ തുണയ്‌ക്കുന്ന പിച്ചാകും രണ്ടാമങ്കത്തിനുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വിജയിച്ചാല്‍ ഓസീസിന് ഏകദിന പരമ്പര സ്വന്തമാകും. 

click me!