
മൊഹാലി: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് മുന്‍ നായകന്‍ എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാരുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി. എന്തിനാണ് ധോണിക്ക് വിശ്രമം അനുവദിച്ചത് എന്നറിയില്ലെന്നും ധോണിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കോലി പതറുന്നത് കാണാമായിരുന്നുവെന്നും ബേദി പിടിഐയോട് പറഞ്ഞു.
ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും പറയട്ടെ, ധോണിക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. ധോണിയുടെ അഭാവം നാലാം ഏകദിനത്തില്‍ ശരിക്കും പ്രതിഫലിച്ചു, വിക്കറ്റിന് പിന്നിലും ഫീല്‍ഡ് വിന്യാസത്തിലും എല്ലാം ഇത് പ്രകടമായിരുന്നു. ധോണി ശരിക്കും ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നയാളാണ്. ബാറ്റ് കൊണ്ടും ഫീല്‍ഡിലുമെല്ലാം. ധോണി ചെറുപ്പക്കാരനല്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ട്.
ക്യാപ്റ്റന്‍ വിരാട് കോലിക്കും അദ്ദേഹത്തെ ആവശ്യമുണ്ട്. തീരുമാനങ്ങളെടുക്കുമ്പോള്‍ ധോണിയില്ലാതെ കോലി പതറുന്നത് പലപ്പോഴും വ്യക്തമായിരുന്നു. ഇത് നല്ല ലക്ഷണമല്ല. ലോകകപ്പിന് മുമ്പ് ഇന്ത്യ അനാവശ്യമായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ബേദി പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ലോകകപ്പ് ടീമിനെ ഒരുക്കാനായി പരീക്ഷണങ്ങളാണ്. ഇതിപ്പോഴും തുടരുന്നു. ലോകകപ്പിന് ഇനിയും രണ്ടര മാസമുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് അതൃപ്തിയുണ്ട്. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും ബേദി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!