ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ പേസര്‍മാരെ വെല്ലുവിളിച്ച് സ്റ്റീവ് സ്മിത്ത്

By Web TeamFirst Published Nov 14, 2020, 6:27 PM IST
Highlights

സ്മിത്തിന്‍റെ ഈ ബലഹീനത ഇന്ത്യന്‍ പേസര്‍മാരും മുതലെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എന്തും നേരിടാന്‍ താന്‍ തയാറാണെന്ന് അറിയിച്ച് സ്മിത്ത് രംഗത്തെത്തിയിരിക്കുന്നത്.

സിഡ്നി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഒരു മാസം കൂടി ബാക്കിയിരിക്കെ മാനസികാധിപത്യം നേടാനുള്ള തന്ത്രങ്ങളുമായി ഓസീസ് താരങ്ങള്‍. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള സ്റ്റീവ് സ്മിത്താണ് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ സ്മിത്ത് പാടുപെട്ടിരുന്നു. കിവീസ് പേസറായ നീല്‍ വാഗ്നര്‍ ഷോര്‍ട്ട് പിച്ച് പന്തെറിഞ്ഞ് നാലു തവണ സ്മിത്തിനെ പുറത്താക്കുകയും ചെയ്തു.

സ്മിത്തിന്‍റെ ഈ ബലഹീനത ഇന്ത്യന്‍ പേസര്‍മാരും മുതലെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എന്തും നേരിടാന്‍ താന്‍ തയാറാണെന്ന് അറിയിച്ച് സ്മിത്ത് രംഗത്തെത്തിയിരിക്കുന്നത്. എന്‍റെ കളിയില്‍ നാടകീയമായി ഒന്നുമില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് എപ്പോഴും ഞാന്‍ കളിക്കാറുള്ളത്. ഷോര്‍ട്ട് പിച്ച് പന്തെറിഞ്ഞ് എന്നെ വീഴ്ത്താന്‍ വാഗ്നര്‍ അല്ലാതെ മറ്റ് പല ടീമുകളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വാഗ്നര്‍ വിജയിച്ചതുപോലെ അവരാരും വിജയിച്ചില്ല എന്ന കാര്യം മറക്കരുത്.

വാഗ്നര്‍ക്ക് വേഗം കുറച്ചും കൂട്ടിയും ഷോര്‍ട്ട് പിച്ച് പന്തെറിയാനുള്ള പ്രത്യേക കഴിവുണ്ട്. ചിലത് ഇടുപ്പിലും മറ്റ് ചിലത് തലക്കുനേരയുമാകും വരിക. എന്തായാലും എനിക്കെതിരെ ഷോര്‍ട്ട് ബോളെറിയാനാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ തീരുമാനമെങ്കില്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം ഷോര്‍ട്ട് ബോള്‍ എറിയാനായി അവര്‍ ഏറെ ഊര്‍ജ്ജം കളയേണ്ടതുണ്ട്. അത് ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഗുണമാണ്.
ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതുകൊണ്ട് എനിക്ക് വലിയ ക്ഷീണമൊന്നും തോന്നാറില്ല.

ഓസ്ട്രേലിയയുടേത് ലോകോത്തര പേസ് ബൗളിംഗ് നിരയാണ്. രണ്ട് വര്‍ഷം മുമ്പത്തേക്കാള്‍ മികച്ചതാണ് ഇപ്പോഴത്തെ ആക്രമണനിര. ജെയിംസ് പാറ്റിന്‍സന്‍റെ വരവ് അതിന്‍റെ കരുത്ത് കൂട്ടിയിട്ടേയുള്ളു. ഇതിന് പുറമെ മൈക്കല്‍ നിസറിന്‍റെ സാന്നിധ്യവും ഓസീസ് പേസാക്രമണത്തിന് കരുത്തുകൂട്ടുമെന്നും സ്മിത്ത് പറഞ്ഞു.

click me!