
ദില്ലി: ബംഗളൂരുവില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ വാതുവെപ്പ് നടത്തിയ 11 പേര്‍ അറസ്റ്റില്‍. ദില്ലി ക്രൈംബ്രാഞ്ചാണ് ഞായറാഴ്‌ച ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് കോടി രൂപയുടെ വാതുവെപ്പ് ഇവര്‍ നടത്തിയതായി പൊലീസ് പറയുന്നു. ഇവരില്‍ നിന്ന് 70 മൊബൈല്‍ ഫോണുകളും രണ്ട് ടെലിവിഷനും ഏഴ് ലാപ്‌ടോപുകളും പിടിച്ചെടുത്തു. ദില്ലി, മഹാരാഷ്‌ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി 72 പേര്‍ വാതുവെപ്പ് സംഘത്തിലുള്ളതായി പൊലീസ് വ്യക്തമാക്കി.
ബംഗളൂരു ഏകദിനം ഏഴ് വിക്കറ്റിന് വിജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് സ്റ്റീവന്‍ സ്‌മിത്തിന്റെ(131) സെഞ്ചുറിക്കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സ് നേടി. മാര്‍നസ് ലബുഷെയ്‌ന്‍(64 പന്തില്‍ 54) മാത്രമാണ് സ്‌മിത്തിന് പിന്തുണ ലഭിച്ചത്. ഇരുവരും 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷമിയുടെ നാല് വിക്കറ്റ് നിര്‍ണായകമായി.
സ്‌മിത്തിന്‍റെ സെഞ്ചുറിക്ക് രോഹിത് ശര്‍മ്മ തക്ക മറുപടി നല്‍കിയപ്പോള്‍ ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. ഇരുപത്തിയൊമ്പതാം സെഞ്ചുറി നേടിയ ഹിറ്റ്‌മാന്‍ 128 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 119 റണ്‍സെടുത്തു. വിരാട് കോലി(89), ശ്രേയസ് അയ്യര്‍(44) എന്നിവരുടെ ഇന്നിംഗ്‌സും നിര്‍ണായക പങ്കുവഹിച്ചു. രോഹിത്- കോലി സഖ്യം 137 റണ്‍സും അയ്യര്‍-കോലി കൂട്ടുകെട്ട് 68 റണ്‍സും ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!