റാഞ്ചി ഏകദിനം: ഉസ്മാന്‍ ഖവാജക്ക് സെഞ്ചുറി; ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്

Published : Mar 08, 2019, 04:19 PM IST
റാഞ്ചി ഏകദിനം: ഉസ്മാന്‍ ഖവാജക്ക് സെഞ്ചുറി; ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ ഖവാജ-ഫിഞ്ച് സഖ്യം 31.5 ഓവറില്‍ 193 റണ്‍സടിച്ചു. 22 മത്സരങ്ങള്‍ക്കൊടുവില്‍ ആദ്യ അര്‍ധസെഞ്ചുറി തികച്ച ഫിഞ്ച് 99 പന്തില്‍ 93 റണ്‍സെടുത്ത് പുറത്തായി.

റാഞ്ചി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസ് ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ 40 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സോടെ മാക്സ്‌വെല്ലും ഒരു റണ്ണുമായി ഷോണ്‍ മാര്‍ഷും ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ ഖവാജ-ഫിഞ്ച് സഖ്യം 31.5 ഓവറില്‍ 193 റണ്‍സടിച്ചു. 22 മത്സരങ്ങള്‍ക്കൊടുവില്‍ ആദ്യ അര്‍ധസെഞ്ചുറി തികച്ച ഫിഞ്ച് 99 പന്തില്‍ 93 റണ്‍സെടുത്ത് പുറത്തായി. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. 10 ബൗണ്ടറിയും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്.

മറുവശത്ത് ഫിഞ്ചിന് മികച്ച പിന്തുണ നല്‍കിയ ഖവാജയും അടിച്ചുതകര്‍ത്തതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തളര്‍ന്നു. രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. ഫിഞ്ച് പോയശേഷവും മികച്ചരീതിയില്‍ ബാറ്റ് ചെയ്ത ഖവാജ 107 പന്തില്‍ തന്റെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ചു. 113 പന്തില്‍ 104 റണ്‍സെടുത്ത ഖവാജയെ ഒടുവില്‍ ബുംറ മടക്കി. 11 ഫോറും ഒരു സിക്സറും പറത്തിയാണ് ഖവാജ സെഞ്ചുറിയിലെത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിറം മങ്ങിയ കളിയില്‍ കുല്‍ദീപ് യാദവ് എട്ട് ഓവറില്‍ 54 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജ എട്ടോവറില്‍ 55 റണ്‍സ് വഴങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: കോലിയും പന്തും തിളങ്ങി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം
മലയാളിക്കരുത്തില്‍ കര്‍ണാടക, പടിക്കലിനും കരുണിനും സെഞ്ചുറി, വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ ജയത്തിലേക്ക്