ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ പ്രതിസന്ധിയിലായി. മൈനസ് റൺറേറ്റാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി.

ചെന്നൈ: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യത പ്രതിസന്ധിയിലായിരുന്നു. ഇനിയുള്ള രണ്ട് കളിയും ജയിച്ചാലും ഇന്ത്യക്ക് സെമി ഉറപ്പിക്കാനാവില്ല. ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെ എന്ന് നോക്കാം. ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ട ടീമാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തിനിടെ നേരിട്ട ഒറ്റ തോല്‍വി ഇന്ത്യയുടെ പ്രതീക്ഷകളാകെ തുലാസിലാക്കി. സെമിയിലെത്തണമെങ്കില്‍ സിംബാബ്‌വേയെയും വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചാല്‍ മാത്രം പോരാ ഇന്ത്യക്ക്, ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളും അനുകൂലമാവണം.

സിംബാബ്‌വേയെ തകര്‍ത്ത വെസ്റ്റ് ഇന്‍ഡീസാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. 107 റണ്‍സ് വിജയത്തോടെ വിന്‍ഡീസിന്റെ റണ്‍റേറ്റ് 5.350. ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ് 3.800. ഗ്രൂപ്പില്‍ മൂന്നാമതുള്ള ഇന്ത്യയുടെ റണ്‍റേറ്റ് മൈനസ് 3.800. ഇന്ത്യയുടെ സെമിസാധ്യതകള്‍ക്ക് വെല്ലുവിളിയാവുന്നതും ഈ വളരെക്കുറഞ്ഞ റണ്‍റേറ്റ്. ഇത് മറികടക്കാന്‍ രണ്ട് കളിയിലും ഇന്ത്യക്ക് വന്‍ വിജയം അനിവാര്യം. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് പോസിറ്റീവാകാന്‍ സിംബാബ്വേയ്ക്കെതിരേ ആദ്യം ബാറ്റ്ചെയ്യുകയാണെങ്കില്‍ കുറഞ്ഞത് 77 റണ്‍സിനെങ്കിലും ജയിക്കണം.

ഇതിന് സ്‌കോര്‍ബോര്‍ഡില്‍ മികച്ച ടോട്ടല്‍ മാത്രം പോര, കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വേയെ കുറഞ്ഞ സ്‌കോറില്‍ എറിഞ്ഞിടുകയും വേണം. ട്വന്റി 20യില്‍ 18 തവണ ഇന്ത്യ 77 റണ്‍സിന് മുകളിലുള്ള മാര്‍ജിനില്‍ ജയിച്ചിട്ടുണ്ടെന്ന ചരിത്രം ആരാധകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇനി ചേസ് ചെയ്യുകയാണെങ്കില്‍ വെല്ലുവിളി കടുക്കും. സിംബാബ്വേ 150 റണ്‍സെടുത്താല്‍ കുറഞ്ഞത് പതിമൂന്നാം ഓവറില്‍ ലക്ഷ്യം മറികടക്കണം. 180 റണ്‍സാണെങ്കില്‍ പതിനാലാം ഓവറിലെ അവസാനപന്തിലെങ്കിലും ഇന്ത്യ ലക്ഷ്യത്തില്‍ എത്തണം.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും രണ്ടാംസ്ഥാനക്കാരായി ഇന്ത്യയും സെമിയിലെത്തും. ദക്ഷിണാഫ്രിക്ക ഒരു കളിയില്‍തോല്‍ക്കുകയും ഇന്ത്യ രണ്ടുകളിയും ജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് മത്സരം ഇന്ത്യക്ക് അതിനിര്‍ണായകം. വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി കൂടുതല്‍ കടുപ്പമാവും. മൂന്നുടീമുകള്‍ക്ക് നാലുപോയിന്റ് വീതമാകും. അപ്പോള്‍ നെറ്റ് റണ്‍റേറ്റാവും സെമിയിലെ സ്ഥാനം നിശ്ചയിക്കുക.

സിംബാബ്വേയും വിന്‍ഡീസും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ഇന്ത്യ രണ്ട് കളിയും ജയിക്കുകയും ചെയ്താല്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും ആശ്വസിക്കാം. ഇന്ത്യ ഒരു കളിയില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ സെമി സാധ്യത വളരെക്കുറയും. അവസാന നാലില്‍ എത്തണമെങ്കില്‍ ദക്ഷിണാഫ്രിക്ക മൂന്നു കളിയില്‍ ജയിക്കുകയും ഇന്ത്യ തോല്‍പ്പിക്കുന്ന ടീം വിന്‍ഡീസ് ആയിരിക്കുകയും വേണം.

ഇങ്ങനെയെങ്കില്‍ മൂന്നുടീമുകള്‍ക്കും രണ്ടു പോയിന്റ് വീതമാകും. അപ്പോഴും സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക റണ്‍റേറ്റ് തന്നെ ആയിരിക്കും. സെമി സാധ്യതകള്‍ കാല്‍ക്കുലേറ്ററിലേക്ക് നീട്ടാതെ സൂര്യകുമാര്‍ യാദവും സംഘവും ആധികാരിക വിജയങ്ങള്‍ നേടുമെന്ന് പ്രതീക്ഷിക്കാം.

YouTube video player