ബംഗ്ലാദേശിനെ എറിഞ്ഞിട്ടു; ആദ്യ ദിനം ഇന്ത്യന്‍ ആധിപത്യം

By Web TeamFirst Published Nov 14, 2019, 5:17 PM IST
Highlights

ആറ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 64 റമ്‍സ് മാത്രം പുറകിലാണ് ഇന്ത്യ

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യം. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 150 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന ശക്തമായ നിലയിലാണ്. 43 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും 37 റണ്‍സുമായി മായങ്ക് അഗര്‍വാളും ക്രീസില്‍.

ആറ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 64 റമ്‍സ് മാത്രം പുറകിലാണ് ഇന്ത്യ. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പൂജാര 61 പന്തില്‍ ഏഴ് ബൗണ്ടറിയടക്കമാണ് 43 റണ്‍സെടുത്തത്. രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായതോടെ കരുതലോടെ ബാറ്റ് വീശിയ മായങ്ക് 81 പന്തിലാണ് 37റണ്‍സെടുത്തത്. അബു ജെയ്ദാണ് രോഹിത്തിനെ വീഴ്ത്തിയത്.

ടോസിലെ ഭാഗ്യം കനിഞ്ഞിട്ടും കൂട്ടിലൊളിച്ച ബംഗ്ലാ കടുവകള്‍

നേരത്തെ ടോസിലെ ഭാഗ്യം കനിഞ്ഞിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല. 58.3 ഓവറില്‍ 150 റണ്‍സിന് ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങിയപ്പോള്‍ ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ആറാം ഓവറില്‍ തന്നെ കയേസിനെ ഉമേഷ് യാദവ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ഇസ്ലാം മടങ്ങി. ഇഷാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. മിഥുന്‍ ആവട്ടെ ഷമിയുടെ പേസിന് മുന്നില്‍ മുട്ടുമടക്കി.

മൊമിനുള്‍ ഹഖ് (37), മുഷ്ഫിഖര്‍ റഹീം (43), മഹ്മുദുള്ള (10), മെഹ്ദി ഹസന്‍ (0) എന്നിവര്‍ രണ്ടാം സെഷനിലും മടങ്ങി. മൊമിനുള്‍ ഹഖിനെയും മഹ്മുദുള്ളയേയും അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചായക്ക് തൊട്ടുമുമ്പ് മുഷ്‌ഫിഖറിനേയും മെഹ്ദി ഹസനേയും അടുത്തടുത്ത പന്തുകളില്‍  മടക്കി തിരിച്ചുവരാമെന്ന ബംഗ്ലാ പ്രതീക്ഷകള്‍ ഷമി തകര്‍ത്തു. മൂന്നാം സെഷനിലെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ലിറ്റണ്‍ ദാസിനെ (21) മടക്കി ഇഷാന്തും മികവ് കാട്ടിയതോടെ പൊരുതാനുള്ള സ്കോര്‍ പോലും ബംഗ്ലാദേശിന് അപ്രാപ്യമായി. പിന്നാലെ തയ്‌ജുല്‍ ഇസ്ലാം റണ്ണൗട്ടായി. ഇബാദത്ത് ഹുസൈനെ ഉമേഷ് ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശ് ഇന്നിംഗ്സിന് അവസാനമായി.

രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകളെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

click me!