വെള്ളക്കുപ്പായത്തിലും ബംഗ്ലാ കടുവകളെ കുടുക്കാന്‍ ടീം ഇന്ത്യ; ആദ്യ ടെസ്റ്റ് നാളെ മുതല്‍

By Web TeamFirst Published Nov 13, 2019, 8:57 AM IST
Highlights

നാളെ ആദ്യ ടെസ്റ്റിന് തുടക്കമാവുകയാണെങ്കിലും ടീം ഇന്ത്യയുടെ കണ്ണും മനസും ഈഡൻ ഗാർ‍ഡൻസിലാണ്

ഇന്‍ഡോര്‍: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ ഇൻഡോറിൽ തുടക്കമാവും. പരമ്പരയിൽ രണ്ട് ടെസ്റ്റുകളാണുള്ളത്. ട്വന്‍റി 20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും വെള്ളക്കുപ്പായത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ പര്യടനത്തിലെ വീഴ്‌ചയിൽ നിന്ന് കരകയറുകയാണ് ബംഗ്ലാദേശ് ലക്ഷ്യം. 

നാളെ ആദ്യ ടെസ്റ്റിന് തുടക്കമാവുകയാണെങ്കിലും ടീം ഇന്ത്യയുടെ കണ്ണും മനസും ഈഡൻ ഗാർ‍ഡൻസിലാണ്. ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൊൽക്കത്തയിൽ നവംബർ 22നാണ് തുടങ്ങുക. രാത്രിയും പകലുമായി ആദ്യമായി ടെസ്റ്റിൽ കളിക്കാനിറങ്ങുന്നതിനാൽ ഇൻഡോറിൽ പിങ്ക് പന്ത് ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ പരിശീലനം. 

രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നടത്തിയ പ്രത്യേക പരിശീലനം ടീമിന് ഗുണംചെയ്യുമെന്ന് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പറഞ്ഞു. തുടർച്ചയായി പതിനൊന്ന് ടെസ്റ്റ് പരമ്പര ജയിച്ച റെക്കോർഡുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സന്ദർശകരെ ദുർബലരായി കാണില്ലെന്നും രഹാനെ വ്യക്തമാക്കി.

സീനിയർ താരങ്ങളായ ഷാകിബ് അൽ ഹസൻ, തമീം ഇഖ്‌ബാൽ തുടങ്ങിയവരില്ലാതെ ഇറങ്ങുന്ന ബംഗ്ലാദേശിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് സന്നാഹമത്സരംപോലും കളിക്കാതെയാണ് മോമിനുൽ ഹഖും സംഘവും ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. 

click me!