താരങ്ങളുടെ സമരം പാരയാകുമോ ഇന്ത്യ- ബംഗ്ലാദേശ് പരമ്പരക്ക്? പ്രതികരിച്ച് സൗരവ് ഗാംഗുലി

By Web TeamFirst Published Oct 23, 2019, 6:18 PM IST
Highlights

പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് പരമ്പര ബഹിഷ്‌കരിക്കുന്നതായി ബംഗ്ലാ സീനിയര്‍ താരങ്ങള്‍ തിങ്കളാഴ്‌ച വ്യക്തമാക്കിയതോടെയാണ് മത്സരങ്ങള്‍ ആശങ്കയിലായത്

മുംബൈ: ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര നേരത്തെ നിശ്ചയിച്ചപ്രകാരം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യന്‍ പര്യടനത്തിന് ടീമിന് അനുമതി നല്‍കിയാല്‍ താരങ്ങള്‍ക്ക് എങ്ങനെ ബഹിഷ്‌കരിക്കാനാകുമെന്ന് ബിസിസിഐ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം ദാദ ചോദിച്ചു.

'പരമ്പര ബഹിഷ്‌കരിക്കുന്നത് ബംഗ്ലാ താരങ്ങളുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ കൊല്‍ക്കത്ത ടെസ്റ്റ് കാണാനായി എത്തുമെന്ന് ഷെയ്ഖ് ഹസീന അറിയിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീന അനുമതി നല്‍കിയാല്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നത് എങ്ങനെയാണ്' എന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് പരമ്പര ബഹിഷ്‌കരിക്കുന്നതായി ബംഗ്ലാ സീനിയര്‍ താരങ്ങള്‍ തിങ്കളാഴ്‌ച വ്യക്തമാക്കിയതോടെയാണ് മത്സരങ്ങള്‍ നടക്കുമോ എന്ന കാര്യം ആശങ്കയിലായത്.

സീനിയര്‍ താരവും ടെസ്റ്റ്-ടി20 ക്യാപ്റ്റനുമായ ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്‌ബാല്‍, മഹമ്മദുള്ള, മുഷ്‌ഫിഖുര്‍ റഹീം എന്നീ സീനിയര്‍ താരങ്ങള്‍ ചേര്‍ന്ന് വാര്‍ത്താസമ്മേളനത്തിലാണ് കളിക്കാരുടെ സമരം പ്രഖ്യാപിച്ചത്. ഇവര്‍ക്കൊപ്പം അമ്പതോളം താരങ്ങളാണ് സമരരംഗത്തുള്ളത്. പ്രതിഫലം കൂട്ടാതെ ദേശീയ ടീമിനായി കളിക്കണ്ട എന്നാണ് ഇവരെടുത്തിരിക്കുന്ന തീരുമാനം. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്കുള്‍പ്പെടെയുള്ളവരുടെ പ്രതിഫലം വര്‍ധിപ്പിക്കണമെന്നും ധാക്ക പ്രീമിയര്‍ ലീഗിലും നാഷണല്‍ ക്രിക്കറ്റ് ലീഗിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലുമെല്ലാം മതിയായ പരിശീലന സൗകര്യങ്ങളൊരുക്കണമെന്നുമാണ് കളിക്കാരുടെ പ്രധാന ആവശ്യം. ഇതിന് പുറമെ പ്രാദേശിക പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് ഇപ്പോഴും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും അവര്‍ക്ക് മതിയായ പ്രതിഫലം ഉറപ്പാക്കണമെന്നും കളിക്കാര്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ക്ക് ഇപ്പോള്‍ മാച്ച് ഫീയായി 35000 ബംഗ്ലാദേശി ടാക്കയും ദിവസ അലവന്‍സായി 1500 ടാക്കയുമാണ് ലഭിക്കുന്നത്. മാച്ച് ഫീ ഒരു ലക്ഷമാക്കണമെന്നാണ് കളിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

click me!