ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും എന്നാൽ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും സല്‍മാന്‍ ആഗ.

കൊളംബോ: ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്ന കൊളംബോയിൽ നാളെ ക്രിക്കറ്റിനും അപ്പുറമുള്ള ഒരു രാഷ്ട്രീയ പോരാട്ടം കൂടിയാണ് അരങ്ങേറാൻ പോകുന്നത്. പിച്ചിലെ പ്രകടനം പോലെ തന്നെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മറ്റൊന്നിലേക്കാണ്. മത്സരശേഷം ഇന്ത്യൻ താരങ്ങൾ പാക് കളിക്കാർക്ക് ഹസ്തദാനം നൽകുമോ?. പൊള്ളുന്ന ചോദ്യത്തോട് നയപരമായ മറുപടി നൽകിയിരിക്കുകയാണ് പാക് നായകൻ സൽമാൻ ആഗ

Add Asianetnews as a Preferred SourcegooglePreferred

ക്രിക്കറ്റ് അതിന്‍റെ ശരിയായ സ്പിരിറ്റിൽ തന്നെ കളിക്കണമെന്ന് സല്‍മാന്‍ ആഗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല, പക്ഷേ കാലങ്ങളായി ക്രിക്കറ്റ് എങ്ങനെയാണോ കളിച്ചുപോരുന്നത് അങ്ങനെ തന്നെ തുടരണം. ഹസ്തദാനം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു സല്‍മാന്‍ ആഗയുടെ മറുപടി.

ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും എന്നാൽ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും സല്‍മാന്‍ ആഗ പറഞ്ഞു. അഭിഷേക് ശര്‍മയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അഭിഷേക് നാളെ പാകിസ്ഥാനെതിരെ കളിക്കണമെന്നാണ് ആഗ്രഹമെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ കളിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആഗ പറഞ്ഞു.

പാക് സ്പിന്നര്‍ ഉസ്മാൻ താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ ഇതിനോടകം തന്നെ ഐസിസി പരിശോധിച്ചതാണെന്നും അവർ ക്ലിയറൻസ് നൽകിയതാണെന്നും സൽമാൻ ആഗ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഉസ്മാന്‍റെ ആക്ഷനെക്കുറിച്ച് ഇത്രയധികം ബഹളം വെക്കേണ്ട കാര്യമില്ല. ഐസിസി അത് പരിശോധിച്ച് അംഗീകരിച്ചതാണ്. കളിക്കാൻ തുടങ്ങിയ കാലം മുതൽ ആളുകൾ അവന്‍റെ ആക്ഷനെക്കുറിച്ച് സംസാരിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങൾ അവനെ ബാധിക്കില്ല.ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ കളിക്കാരും ഒരുപോലെയാണ്. നിങ്ങളാണ് ഉസ്മാൻ താരിഖിനെ ഇത്ര വലിയ ആളാക്കി മാറ്റിയത്. അവൻ നന്നായി പന്തെറിയുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ അവനെ ഞങ്ങളുടെ തുരുപ്പുചീട്ട് എന്ന് വിളിക്കാമെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദുബായിൽ നടന്ന ഏഷ്യാ കപ്പിലാണ് വിവാദങ്ങളുടെ തുടക്കം. ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരോടും പൗരന്മാരോടുമുള്ള ആദരസൂചകമായി പാക് താരങ്ങൾക്ക് കൈ കൊടുക്കില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന്‍റെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയോടുള്ളു ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ തീരുമാനം. ടോസ് സമയത്തും മത്സരശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നടത്തിയില്ല. ഇത് പാക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിക്കുകയും അവർ ഐസിസിക്ക് പരാതി നൽകുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു.

നാളെ കൊളംബോയിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ഐസിസി ചെയര്‍മാന്‍ ജയ് ഷായും പിസിബി തലവൻ മൊഹ്സിൻ നഖ്‌വിയും ഗാലറിയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീം തങ്ങളുടെ മുൻ നിലപാടിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സൂചനകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക