
രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ടി20യില്‍ സഞ്ജു വി സാംസണ്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. മത്സരത്തിന് മുന്‍പ് പ്രത്യക്ഷപ്പെട്ട സഞ്ജുവിന്‍റെ ട്വീറ്റ് ചില സൂചനകള്‍ നല്‍കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 'മത്സരദിനം, കരുത്തോടെ മുന്നോട്ടുപോകാം'...എന്നായിരുന്നു സഞ്ജുവിന്‍റെ ട്വീറ്റ്.
സഞ്ജുവിന്‍റെ ട്വീറ്റ് കണ്ടതും മലയാളി ആരാധകര്‍ക്ക് പ്രതീക്ഷ ഇരട്ടിയായിരിക്കുകയാണ്. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ 'സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍' എന്ന് സെലക്‌ടര്‍മാര്‍ വിശേഷിപ്പിക്കുന്ന സഞ്ജു ഇലവനിലെത്തുക എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല.
ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ദില്ലിയില്‍ 17 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത കെ എല്‍ രാഹുലിനെ ഒഴിവാക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും. നാലാമന്‍ ശ്രേയസ് അയ്യരെ ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത വിരളമാണ്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും അരങ്ങേറ്റം നിരാശയായെങ്കിലും ശിവം ദുബെ തുടരാനാണ് സാധ്യത.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിനെ തുടര്‍ന്നാണ് സഞ്ജുവിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചത്. സിംബാബ്‌വെക്കെതിരെ 2015ല്‍ ടി20 അരങ്ങേറ്റം കുറിച്ചിരുന്നു സഞ്ജു വി സാംസണ്‍. പ്രതിഭാശാലിയായ സഞ്ജുവിനെ ടീം ഇന്ത്യ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരവും എം പിയുമായ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!