നൂറാം ടി20യില്‍ തീതുപ്പി ഹിറ്റ്‌മാന്‍; ഇന്ത്യക്ക് വെടിക്കെട്ട് ജയം; പരമ്പരയില്‍ ഒപ്പമെത്തി

By Web TeamFirst Published Nov 7, 2019, 10:24 PM IST
Highlights

നൂറാം അന്താരാഷ്‌ട്ര ടി20 കളിച്ച നായകന്‍ രോഹിത് ശര്‍മ്മ ബാറ്റുകൊണ്ട് നയിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചു

രാജ്‌കോട്ട്: ദില്ലിയില്‍ കുതിച്ചോടി ഞെട്ടിച്ച ബംഗ്ലാ കടുവകളെ രാജ്‌കോട്ടില്‍ പൂട്ടി ടീം ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നായകന്‍ രോഹിത് ശര്‍മ്മ ബാറ്റുകൊണ്ട് നയിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. 154 റണ്‍സ് വിജയലക്ഷ്യം ഹിറ്റ്‌മാന്‍ ഷോയില്‍ അനായാസം സ്വന്തമാക്കിയ നീലപ്പട ഇതോടെ പരമ്പരയില്‍ ഒപ്പമെത്തി(1-1). രോഹിത് 43 പന്തില്‍ 85 റണ്‍സെടുത്തു. സ്‌കോര്‍: ബംഗ്ലാദേശ്-153/6 (20.0), ഇന്ത്യ-154/2 (15.4). ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനവും നിര്‍ണായകമായി. 

രാജ്‌കോട്ടില്‍ രാജാവായി രോഹിത് ശര്‍മ്മ

മറുപടി ബാറ്റിംഗില്‍ ഒരു ദയയുമില്ലാതെയാണ് രോഹിത് ശര്‍മ്മ ബംഗ്ലാ ബൗളര്‍മാരെ നേരിട്ടത്. 23 പന്തില്‍ രോഹിത്തിന് അര്‍ധ സെഞ്ചുറി. 10-ാം ഓവറില്‍ മൊസദേക് ഹൊസൈന്‍റെ ആദ്യ മൂന്ന് പന്തുകളും സിക്‌സ്. അങ്ങനെ, കരിയറിലെ 100-ാം അന്താരാഷ്‌ട്ര ടി20യില്‍ സംഹാരതാണ്ഡവമാടുകയായിരുന്നു ഹിറ്റ്‌മാന്‍. ഇതോട 10 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡില്‍ 113/0. രോഹിത്തിന്‍റെ സഹ ഓപ്പണര്‍ ശിഖര്‍ ധവാനെ 11-ാം ഓവറില്‍ അമിനുല്‍ ബൗള്‍ഡാക്കിയതാണ് ബംഗ്ലാദേശിന് ആശ്വസിക്കാനുണ്ടായിരുന്നത്. 27 പന്തില്‍ 31 റണ്‍സ് ധവാന്‍ നേടി. 

സെഞ്ചുറിയിലേക്ക് കുതിക്കവെ രോഹിത് ശര്‍മ്മയെ നഷ്ടമായതും ഇന്ത്യയെ ബാധിച്ചില്ല. അമിനുലിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ 12.2 ഓവറില്‍ ബൗണ്ടറിയില്‍ മിഥുന്‍ പിടിച്ചാണ് ഹിറ്റ്‌മാന്‍ പുറത്തായത്. 43 പന്തില്‍  നിന്ന് ആറ് വീതം ഫോറും സിക്‌സും സഹിതം രോഹിത് കൂട്ടിച്ചേര്‍ത്തത് 85 റണ്‍സ്. അധികം വിക്കറ്റുകള്‍ വലിച്ചെറിയാതെ ശ്രേയസ് അയ്യരും(12 പന്തില്‍ 23*) കെ എല്‍ രാഹുലും(11 പന്തില്‍ 8*) 15.4 ഓവറില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. 

ആവേശം കൂടിപ്പോയ പന്ത് വരുത്തിയ വിനകള്‍!

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശിനെ ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ബൗളിംഗാണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ പിഴവുകള്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചതില്‍ നിര്‍ണായകമായി.

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മുഹമ്മദ് നൈമും മികച്ച തുടക്കം ബംഗ്ലാദേശിന് നല്‍കി. ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ മണ്ടത്തരം ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തി. ക്രീസ് വിട്ടിറങ്ങിയ ലിറ്റണ്‍ ദാസിനെ സ്റ്റംപ് ചെയ്‌തെങ്കിലും വിക്കറ്റിന് മുന്നില്‍ നിന്നാണ് പന്ത് പന്ത് കൈക്കലാക്കിയത്. ഏഴാം ഓവറില്‍ ലിറ്റണെ രോഹിത് ശര്‍മ്മ നിലത്തിട്ടത് മറ്റൊരു തിരിച്ചടി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ചാഹല്‍ വീണ്ടും പന്തെടുത്തപ്പോള്‍ ലിറ്റണെ 29ല്‍ നില്‍ക്കേ റണൗട്ടാക്കി ഋഷഭ് പന്ത് പ്രായ്ശ്ചിത്വം ചെയ്തു. ആദ്യ വിക്കറ്റില്‍ 7.2 ഓവറില്‍ പിറന്നത് 60 റണ്‍സ്. 

ചാഹലിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ് 

മുഹമ്മദ് നൈമിനെ(36) വാഷിംഗ്‌ടണ്‍ സുന്ദറും കഴിഞ്ഞ കളിയിലെ വീരന്‍ മുഷ്‌ഫീഖുര്‍ റഹീമിനെ(4) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. ഇതേ ഓവറില്‍ സൗമ്യ സര്‍ക്കാറിനെയും(30) ചാഹല്‍ മടക്കി. ആറ് റണ്‍സെടുത്ത ആഫിഫ് ഹൊസൈനെ 16.3 ഓവറില്‍ ഖലീല്‍ അഹമ്മദ് പുറത്താക്കി. എന്നാല്‍ മഹ്മുദുള്ളയുടെ ബാറ്റിംഗ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു. മഹ്‌മുദുള്ള 21 പന്തില്‍ 30 റണ്‍സെടുത്തു. മൊസദേക്കും(7*) അമിനുലും(5*) പുറത്താകാതെ നിന്നു. ചാഹല്‍ രണ്ടും വാഷിംഗ്‌ടണും ചഹാറും ഖലീലും ഓരോ വിക്കറ്റും വീഴ്‌ത്തി.

click me!