
കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കാണ്‍പൂരില്‍ തുടങ്ങാനിരിക്കെ മത്സരം നടക്കേണ്ട ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് അപകടകരമായ അവസ്ഥയിലാണെന്ന് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിലെ സി സ്റ്റാന്‍ഡിലേക്ക് പരിമിതമായ തോതില്‍ മാത്രമെ കാണികളെ പ്രവേശിപ്പിവൂവെന്നും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചു. സ്റ്റേഡിയത്തിലെ സി സ്റ്റാന്‍ഡില്‍ 4800 കാണികളെ പ്രവേശിപ്പിക്കാമെങ്കിലും 1700 കാണികളെ മാത്രമെ പ്രവേശിപ്പിക്കൂവെന്ന് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന നടത്തിയ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ നടത്തിയ പരിശോധനയില്‍ റിഷഭ് പന്തിന്‍റെ ഒരു സിക്സിന് 50 കാണികളെങ്കിലും ഒരുമിച്ചു ചാടി എഴുന്നേറ്റു ആര്‍പ്പുവിളിച്ചാല്‍ പോലും സ്റ്റാന്‍ഡ് തകരുന്ന അവസ്ഥയിലാണെന്നും വ്യക്തമാക്കി. സ്റ്റേഡിയത്തിലെ സി ബാല്‍ക്കണി സ്റ്റാന്‍ഡ് പരിതാപകരമായ അവസ്ഥയിലാണെന്നും എഞ്ചിനീയര്‍മാര്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്ത് സി ബാല്‍ക്കണിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്ന് ഉത്തര്‍പ്രേദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ അങ്കിത് ചാറ്റര്‍ജി വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായാണ് 4800 പേര്‍ക്കിരിക്കാവുന്ന സ്റ്റാന്‍ഡില്‍ 1700 പേരെ മാത്രം പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അങ്കിത് ചാറ്റര്‍ജി വ്യക്തമാക്കി.
2021നുശേഷം ആദ്യ രാജ്യാന്തര മത്സരത്തിനാണ് കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം വേദിയാവുന്നത്. ഉത്തര്‍പ്രദേശ് കായിക മന്ത്രാലയത്തിന് കീഴിലാണ് കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം. ലഖ്നൗവില്‍ ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ ഏക്നാ സ്റ്റേഡിയം വന്നതോടെ കാണ്‍പൂരില്‍ മത്സരങ്ങളെത്തുന്നത് കുറഞ്ഞു. ഇതും സ്റ്റേഡിയത്തിന്‍റെ ദുരവസ്ഥക്ക് കാരണമാണ്. സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് പുറമെ ഫ്ലഡ് ലൈറ്റ് സംവിധാനത്തിനും പ്രശ്നങ്ങളുണ്ട്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇത് മത്സരത്തെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അവസാനം ന്യൂസിലന്‍ഡിനെതിരെ കളിച്ച ടെസ്റ്റില്‍ അഞ്ചാം ദിനം രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും പൊരുതി നിന്നപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെച്ചത് ഇന്ത്യയുടെ ജയം തടഞ്ഞിരുന്നു. അതിനുശേഷവും ഫ്ലഡ് ലൈറ്റ് സംവിധാനങ്ങള്‍ നേരെയാക്കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!