ഡിസംബർ പതിനാറിനാണ് 2026 സീസണിന് മുന്നോടിയായിരുന്നു ഐപിഎല്‍ മിനി താരലേലം നടക്കുന്നത്. അബുദാബിയില്‍ നടക്കുന്ന ലേലത്തില്‍ 77 സ്ലോട്ടുകളിലായി 350 താരങ്ങളുണ്ട്

ഐപിഎല്‍ മിനിതാരലേലം. ഒരു സിനിമയുടെ വിധിയെഴുതപ്പെടുന്നത് വെള്ളിയാഴ്ചയാണെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ ഒരു ക്രിക്കറ്ററുടെ ഭാവി നിർണയിക്കുന്ന ദിവസമാണത്. വിദേശികളും സ്വദേശികളുമായി 350 താരങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച ലീഗില്‍ മാറ്റുരക്കാനാകുമെന്ന പ്രതീക്ഷയില്‍ ഡിസംബർ 16 വരെ കാത്തിരിക്കുക. അതും കേവലം 77 സ്ലോട്ടുകള്‍ക്കായി, ഇതില്‍ 31 എണ്ണവും വിദേശതാരങ്ങള്‍ക്കായി മാറ്റിവെക്കപ്പെട്ടവയാണ്.

കാമറൂണ്‍ ഗ്രീൻ എന്ന ഓസ്ട്രേലിയ ഓള്‍റൗണ്ടര്‍ ലേലത്തിലെ താരമാകുമെന്ന് വിധികുറിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ലേലദിവസം ഹാമര്‍ ഉയ‍ര്‍ന്ന് പൊങ്ങുമ്പോള്‍ എല്ലാം മാറിമറിയാം, മാര്‍ക്യു താരങ്ങളെ വെട്ടിച്ച് അണ്‍ക്യാപ്‌ഡ് താരങ്ങള്‍ കോടികള്‍ കൊയ്തേക്കാം. അങ്ങനെയാണ് കാലം കടന്നുപോയത്. 2008 ഫെബ്രുവരിയിലെ ആ ദിവസം മുതല്‍ പിന്നാലെയെത്തിയ ഓക്ഷനുകളിലെല്ലാം സംഭവിച്ചതും അങ്ങനെയായിരുന്നു. ഐപിഎല്ലിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഓരോ ലേലത്തിലും മൂല്യമേറിയ താരങ്ങളായത് ആരൊക്കെയെന്ന് അറിയാം.

2008 ഫ്രെബ്രുവരിയില്‍ ആ ദിവസം. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിന്റേയും താരത്തിന്റേയും തലവര ഒരുപോലെ തിരുത്തപ്പെട്ട ദിവസം. ചെന്നൈ സൂപ്പര്‍ കിങ്സും മഹേന്ദ്ര സിങ് ധോണിയും. ആറ് കോടി രൂപയ്ക്കായിരുന്നു ധോണിയെ അന്ന് ചെന്നൈ സ്വന്തമാക്കിയത്. 2007 ട്വന്റി 20 ലോകകപ്പ് നേടിയ നായകൻ തന്നെയായിരുന്നു ലേലത്തിലെ മുഖ്യാകര്‍ഷണം. അഞ്ച് കിരീടങ്ങളാണ് ധോണിക്ക് കീഴില്‍ ചെന്നൈ നേടിയത്. അന്ന് ധോണിക്ക് ശേഷം ഏറ്റവും മൂല്യമേറിയ താരമായത് ഓസ്ട്രേലിയൻ ഓള്‍ റൗണ്ടറായ ആൻഡ്രു സൈമണ്ട്സായിരുന്നു, ഡെക്കാൻ ചാര്‍ജേഴ്സായിരുന്നു സൈമണ്ട്സിനെ സ്വന്തമാക്കിയത്.

2009ല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായിരുന്നു കൂടുതല്‍ തിളക്കം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയ കെവിൻ പീറ്റേഴ്സണും ചെന്നൈ കൂടാരത്തിലെത്തിച്ച ആൻഡ്രു ഫ്ലിന്റോഫും. 7.55 കോടി രൂപയായിരുന്നു ഇരുവര്‍ക്കും അന്ന് ലഭിച്ചത്.

ധോണിയുടേതിന് സമാനമായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങ്ങുകളിലൊന്നുണ്ടായത് 2010ലായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡ് എന്ന കൂറ്റനടിക്കാരൻ മുംബൈ ഇന്ത്യൻസ് ജഴ്സിയിലെത്തിയ വര്‍ഷം. ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്കായി കേവലം 18 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതായിരുന്നു പൊള്ളാര്‍ഡിനായി പണമെറിയാൻ മുംബൈയെ പ്രേരിപ്പിച്ചത്. 4.8 കോടി രൂപയായിരുന്നു വലം കയ്യൻ ബാറ്ററുടെ മൂല്യം. മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ലെന്ന് കാലം തെളിയിച്ചു. സമാന തുകയ്ക്ക് ആ വര്‍ഷം ന്യൂസിലൻഡ് പേസര്‍ ഷെയ്ൻ ബോണ്ട് കൊല്‍ക്കത്തയിലുമെത്തി.

ആദ്യമായി ഒരു താരത്തിന്റെ മൂല്യം 10 കോടി കവിഞ്ഞത് 2011ലാണ്. ആ താരം ഇന്നത്തെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറായിരുന്നു. 11.04 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ ഗംഭീര്‍ രണ്ട് തവണ ടീമിനെ കിരീടത്തിലേക്കും നയിച്ച് തന്റെ മൂല്യം തെളിയിച്ചു. ഐപിഎല്ലിലെ ഐക്കോണിക്ക് താരങ്ങളിലൊരാളായ രവീന്ദ്ര ജഡേജയെ ചെന്നൈ റാഞ്ചുന്നത് 2012ലാണ്, അതും 12.8 കോടിയെന്ന ഭീമമായ തുകയ്ക്ക്. അന്ന് ചെന്നൈക്കൊപ്പം ആരംഭിച്ച യാത്ര, 2025 സീസണിലാണ് ജഡേജ അവസാനിപ്പിച്ചത്. അതും ടീമിന്റെ ഇതിഹാസങ്ങിളിലൊന്നായി മാറിയതിന് ശേഷം.

2013ല്‍ ഗ്ലെൻ മാക്സ്വെല്ലായിരുന്നു ലേലത്തിലെ താരമായത്, 6.3 കോടി രൂപയ്ക്ക് മുംബൈയിലേക്ക്. പക്ഷേ, ടീം ആദ്യമായി കിരീടം ചൂടിയ വര്‍ഷം താരത്തിന് കാര്യമായ ഇമ്പാക്റ്റുണ്ടാക്കാൻ കഴിയാതെ പോയി. തുടര്‍ച്ചയായി രണ്ട് വര്‍ഷം മൂല്യമേറിയ താരമെന്ന അപൂര്‍വത യുവരാജ് സിങ്ങിനെ തേടിയെത്തി 2014ലും 2015ലും. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് 2014ല്‍ ബാംഗ്ലൂര്‍ നല്‍കിയത് 14 കോടി രൂപ, മോശം പ്രകടനം മൂലം റിലീസ് ചെയ്യപ്പെട്ട യുവരാജിനെ തൊട്ടടുത്ത സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത് 16 കോടി രൂപയ്ക്കായിരുന്നു. അവിടെയും ശോഭിക്കാൻ യുവരാജിനായില്ല.

2016ല്‍, ഷെയ്ൻ വാട്ട്സണ്‍ 9.5 കോടി രൂപയ്ക്ക് ബാംഗ്ലൂരിലെത്തി. 2017, 18 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്ക്സായിരുന്നു ലേലത്തിലെ മൂല്യമേറിയ താരമായത്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിലേക്ക് 14.5 കോടി രൂപയ്ക്ക്. 2018ല്‍ രാജസ്ഥാൻ റോയല്‍സിലേക്ക് 12.5 കോടി രൂപയ്ക്കും സ്റ്റോക്സെത്തി. രണ്ട് ടീമിനൊപ്പവും മൂല്യത്തിനൊപ്പം തിളങ്ങാൻ ഇടം കയ്യൻ ബാറ്റര്‍ക്ക് സാധിക്കാതെ പോയി,

2019ല്‍ ഇന്ത്യൻ താരങ്ങളായ ജയദേവ് ഉനദ്കട്ടും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. 8.4 കോടി രൂപയ്ക്ക് രാജസ്ഥാനും കൊല്‍ക്കത്തയും യഥാക്രമം താരങ്ങളെ മൈതാനത്തിറക്കി. 2020ലും മൂല്യമേറിയ താരം കൊല്‍ക്കത്തയിലേക്കായിരുന്നു, 15 കോടി രൂപയ്ക്ക് ഓസീസ് പേസര്‍ പാറ്റ് കമ്മിൻസ്. അതുവരെയുള്ള ചരിത്രം തിരുത്തി 2021ല്‍ ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് ഐപിഎല്ലിലെ മൂല്യമേറിയ താരമായി. 16.25 കോടിക്ക് രാജസ്ഥാനൊപ്പം.

2022ലാണ് 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ തിരികെ എത്തിച്ചത്. പൊള്ളാര്‍ഡിനും മാക്സ്വെല്ലിനും ശേഷം ഒരു ലേലത്തില്‍ മുംബൈ മൂല്യമേറിയ താരത്തെ നേടിയ വര്‍ഷം കൂടിയായിരുന്നു അത്. പിന്നീടുള്ള മൂന്ന് വര്‍ഷവും താരമൂല്യം തിരുത്തപ്പെട്ടുകൊണ്ടേയിരുന്നു. 2023ല്‍ സാം കറണ്‍, 18.5 കോടിക്ക് പഞ്ചാബ് കിങ്സില്‍. 2024ലാണ് ആദ്യമായി 20 കോടി കടന്നത്, 24.75 കോടി രൂപയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് കൊല്‍ക്കത്തയില്‍. ആ ലേലത്തില്‍ കമ്മിൻസിന്റെ തുകയും 20 കോടി കടന്നു.

പോയ ലേലത്തിലായിരുന്നു ഐപിഎല്ലിന്റെ ഇന്നോളമുള്ള കണക്കുകള്‍ തിരുത്തിയെഴുതപ്പെട്ടത്. 27 കോടി രൂപയ്ക്ക് റിഷഭ് പന്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലും. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്സിലും. പഞ്ചാബിനൊപ്പം ശ്രേയസ് തിളങ്ങിയപ്പോള്‍, ലഖ്നൗവിനായി പന്ത് നിരാശപ്പെടുത്തുകയും ചെയ്തു.