പൂജാരക്കും ഗില്ലിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം

Published : Dec 16, 2022, 04:17 PM IST
പൂജാരക്കും ഗില്ലിനും സെഞ്ചുറി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് കൂറ്റന്‍ വിജയലക്ഷ്യം

Synopsis

ഗില്‍ പുറത്തായശേഷം തകര്‍ത്തടിച്ച പൂജാര കോലിയെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്തി. പൂജാരയുടെ അവസാന 50 റണ്‍സ് പിറന്നത് 37 പന്തിലായിരുന്നു. 52 ഇന്നിംഗ്സുകള്‍ക്കുശേഷം 130 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി.

ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദശിന് 513 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. മൂന്നാം ദിനം ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 150ല്‍ അവസാനിപ്പിച്ച് 254 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയക്കാതെ വീണ്ടും ബാറ്റിംഗിനിറങ്ങി. സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും തകര്‍ത്തടിച്ചതോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 513 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സോടെ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും 17 റണ്‍സോടെ സാക്കിര്‍ ഹസനും ക്രീസില്‍. സ്കോര്‍ ഇന്ത്യ 404, 258-2, ബംഗ്ലാദേശ് 150, 42-0.

ഗില്ലിയാട്ടം, പിന്നെ റണ്‍ പൂജ

കൂറ്റന്‍ ലീഡിന്‍റെ സന്തോഷത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവും ചേര്‍ന്ന് 70 റണ്‍സടിച്ചു. നിലയുറപ്പിച്ചെന്ന് കരുതിയ രാഹുലിനെ(23) വീഴ്ത്തി ഖാലിദ് അഹമ്മദ് ബംഗ്ലാദേശിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും വണ്‍ ഡൗണായെത്തിയ പൂജാരയും ഗില്ലും ചേര്‍ന്ന് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സടിച്ചു.  147 പന്തില്‍ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച ഗില്‍ 10 ഫോറും മൂന്ന് സിക്സും പറത്തി 152 പന്തില്‍ 110 റണ്‍സെടുത്ത് പുറത്തായി.

തകര്‍ത്തടിച്ച് പൂജാര

ഗില്‍ പുറത്തായശേഷം തകര്‍ത്തടിച്ച പൂജാര കോലിയെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്തി. പൂജാരയുടെ അവസാന 50 റണ്‍സ് പിറന്നത് 37 പന്തിലായിരുന്നു. 52 ഇന്നിംഗ്സുകള്‍ക്കുശേഷം 130 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. ടെസ്റ്റില്‍ പൂജാരയുടെ വേഗമേറിയ സെഞ്ചുറി കൂടിയാണിത്. പൂജാര സെഞ്ചുറി തികച്ചതിന് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പൂജാരക്കൊപ്പം 19 റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്നു.

നേരത്തെ 133-8 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു.സ്കോര്‍ 144ല്‍ നില്‍ക്കെ എബദോത് ഹൊസൈനെ(17) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചു. പിന്നാലെ പൊരുതിന്ന മെഹ്ദി ഹസനെ(25), അക്സറിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് മൂന്നാം ദിനം 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 150ല്‍ അവസാനിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 40 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സിറാജ് 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍