വിവാഹത്തിന്‍റെ തലേദിവസം കാനറ ബാങ്കിനെതിരായ ലീഗ് മത്സരത്തിലും അർജുൻ കളിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറുടെ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വിവാഹാഘോഷങ്ങൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയാണ് അറ്‍ജുന്‍ ആറാധകരെ ഞെട്ടിച്ചത്. ഡി.വൈ പാട്ടീൽ ടി20 കപ്പ് സെമിഫൈനലിൽ കളിക്കാനാണ് അർജുൻ എത്തിയത്.

വ്യാഴാഴ്ചയായിരുന്നു മുംബൈയിൽ വെച്ച് അർജുൻ ടെൻഡുൽക്കറും സാനിയ ചാന്ദോക്കും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ക്രിക്കറ്റ് ലോകത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. എന്നാൽ ആഘോഷങ്ങൾ അവസാനിച്ചതിന് പിന്നാലെ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഡി.വൈ പാട്ടീൽ ബ്ലൂ ടീമിനായി അർജുൻ പാഡണിഞ്ഞു. മുംബൈ കസ്റ്റംസിനെതിരായ മത്സരത്തിൽ പക്ഷേ അർജുന് തിളങ്ങാനായില്ല. 14 പന്തിൽ 9 റൺസ് മാത്രമാണ് താരം നേടിയത്. എറിഞ്ഞ ഏക ഓവറിൽ 20 റൺസ് വഴങ്ങുകയും ചെയ്തു. മത്സരത്തിൽ അർജുന്റെ ടീം അഞ്ച് വിക്കറ്റിന് തോറ്റു.

വിവാഹത്തിന്‍റെ തലേദിവസം കാനറ ബാങ്കിനെതിരായ ലീഗ് മത്സരത്തിലും അർജുൻ കളിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മകന്‍റെ വിവാഹത്തിന് ആശംസകൾ നേർന്നവർക്കും ചടങ്ങിൽ പങ്കെടുത്തവർക്കും സച്ചിൻ ടെൻഡുൽക്കർ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരുന്നു. അർജുനും സാനിയയും അവരുടെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണ്. എല്ലാവരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. നിങ്ങളുടെ സന്ദേശങ്ങളും ആശംസകളും ഈ വിവാഹത്തെ മറക്കാനാവാത്ത ഒന്നാക്കി മാറ്റി എന്ന് സച്ചിൻ എക്‌സിൽ കുറിച്ചു.

Scroll to load tweet…

പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് അർജുന്‍റെ വധുവായ സാനിയ. ഗ്രാവിസ് ഗ്രൂപ്പ് ചെയർമാൻ രവി ഘായിയുടെ പേരമകളാണ്. വർഷങ്ങളായി ടെൻഡുൽക്കർ കുടുംബവുമായി അടുത്ത ബന്ധമുള്ള സാനിയ അർജുന്‍റെ സഹോദരി സാറയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. 2025 ഓഗസ്റ്റിലായിരുന്നു ഇവരുടെ നിശ്ചയം നടന്നത്. നിലവിൽ ഗോവയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന അർജുൻ ടെൻഡുൽക്കർ, വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് വേണ്ടിയാണ് കളിക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമായിരുന്ന അർജുനെ ലേലത്തിലൂടെയാണ് ലക്നൗ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക