
കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാവാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ തിരുമുറ്റമായ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസ്. മത്സരത്തിന് പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് കിട്ടുന്നതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു. ഈ മാസം 22നാണ് ചരിത്ര ടെസ്റ്റ് ആരംഭിക്കുന്നത്.
ഈഡൻ ഗാർഡൻസില്‍ മത്സരത്തിന് സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്. ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലി നേരിട്ട് എത്തിയതാണ് ക്രമീകരണങ്ങൾ വിലയിരുത്തുന്നത്. 'മത്സരത്തിന് കൊല്‍ക്കത്ത സജ്ജമായിക്കഴിഞ്ഞു. ടിക്കറ്റ് വിൽപനയിലും വലിയ മുന്നേറ്റമാണ് കാണുന്നത്' എന്നും ദാദ പറഞ്ഞു.
എല്ലാ ദിവസം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഉച്ചഭക്ഷണത്തിനായി മൂന്ന് മണിക്ക് പിരിയുന്ന മത്സരം 3.45 ന് പുനരാരംഭിക്കും. വൈകുന്നേരം ആറ് മണി മുതൽ രാത്രി എട്ട് മണി വരെ സ്റ്റേഡിയത്തിലെ ലൈറ്റുകളുടെ കീഴിൽ മത്സരം തുടരും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവർ മത്സരം കാണാൻ എത്തും.
എല്ലാം ദാദ മയം
ഇരു ടീമും ആദ്യമായാണ് പകല്‍-രാത്രി ടെസ്റ്റ് കളിക്കുന്നത് എന്നതും സവിശേഷതയാണ്. കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്‌ഡില്‍ ഓസീസിനെതിരെ ഡേ-നൈറ്റ് മത്സരം കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. നായകന്‍ വിരാട് കോലിയുടെ നിലപാടുകളായിരുന്നു മത്സരത്തിന് തിരിച്ചടിയായത്. എന്നാല്‍ ബിസിസിഐ പ്രസിഡന്‍റായി സൗരവ് ഗാംഗുലിയെത്തിയതോടെ കോലി നിലപാട് മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!