എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍, ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ 364ന് പുറത്ത്

By Web TeamFirst Published Aug 13, 2021, 7:06 PM IST
Highlights

276-ല്‍ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. സ്കോര്‍ 327ല്‍ നില്‍ക്കെ പന്തിനെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 364 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 40 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്.

ആദ്യ ഓവറിലെ ഇന്ത്യ ഞെട്ടി

രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 127 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുല്‍ റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്തെങ്കിലും രണ്ടാം പന്തില്‍ കവറില്‍ സിബ്ലിക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. 129 റണ്‍സായിരുന്നു രാഹുലിന്‍റെ സംഭാവന. നിലയുറപ്പിച്ച രാഹുല്‍ മടങ്ങിയതോടെ ഇന്ത്യ പതറി.

നിരാശപ്പെടുത്തി വീണ്ടും രഹാനെ

രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആന്‍ഡേഴ്സണ്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ പുറത്തായി. 23 പന്തില്‍ ഒരു റണ്ണായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍റെ സംഭാവന.

കൂട്ടത്തകര്‍ച്ച ഒഴിവാക്കി പന്തും ജഡേജയും

276-ല്‍ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. സ്കോര്‍ 327ല്‍ നില്‍ക്കെ പന്തിനെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. 58 പന്തില്‍ 37 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീന്‍ അലി എറിഞ്ഞ അടുത്ത ഓവറില്‍ ഷമിയും വീണതോടെ ഇന്ത്യ വീമ്ടും കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ ജഡേജയും ഇഷാന്തും ചേര്‍ന്ന് ഇന്ത്യയെ ല‍്ചിന് പിരിയുമ്പോള്‍ 347ല്‍ എത്തിച്ചു.

ഇരട്ട പ്രഹരവുമായി വീണ്ടും ആന്‍ഡേഴ്സണ്‍

ലഞ്ചിനുശേഷം ഇഷാന്ത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ അവസാന വിക്കറ്റില്‍ വമ്പനടിക്ക് മുതിര്‍ന്ന ജഡേജയെ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ആന്‍ഡേഴ്സണ്‍ പിടികൂടി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ അഞ്ചും റോബിന്‍സണും മാര്‍ക്ക് വുഡും രണ്ടും മൊയീന്‍ അലി ഓരു വിക്കറ്റും വീഴ്ത്തി.

click me!